ബെയ്ജിംഗ്: ദക്ഷിണ ചൈനാ കടല്‍ തര്‍ക്കത്തില്‍ ഇന്ത്യയുടെ പിന്തുണ തേടാന്‍ ചൈനയുടെ ശ്രമം. അനുനയ ചര്‍ച്ചക്കായി ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും. ആഗസ്ത് 12 മുതല്‍ മൂന്ന് ദിവസമാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം. ദദക്ഷിണ ചൈനാ കടലിലെ ചൈനയുടെ അവകാശവാദങ്ങള്‍ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ തള്ളിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ വളരുന്ന വിവാദത്തില്‍ ഇന്ത്യ ചൈനയെ പിന്തുണക്കണമെന്നാണ് ചൈന ആഗ്രഹിക്കുന്നത്. സെപ്തംബറിലെ ജി20 സമ്മേളനത്തില്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഇന്ത്യ ദക്ഷിണ ചൈനാ കടല്‍ വിഷയം ഉന്നയിക്കരുതെന്നാണ് ചൈനയുടെ ആവശ്യം.
ദക്ഷിണ ചൈനാ കടലില്‍ അവകാശം ഉന്നയിക്കുന്ന മറ്റ് രാജ്യങ്ങളെ പിന്തുണച്ച് അമേരിക്കയടക്കം ശക്തികള്‍ രംഗത്തെത്തിയിരിന്നു. തിരിച്ചടിയായ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധിയും ദക്ഷിണ ചൈനാ കടല്‍ തര്‍ക്കത്തില്‍ ബെയ്ജിംഗിനെതിരായ മറ്റ് ലോക രാജ്യങ്ങളുടെ നിലപാടും ചൈനയെ പ്രതിരോധത്തിലാക്കുന്നുണ്ട്.
ദക്ഷിണ ചൈനാകടലിലെ ചൈനയുടെ അവകാശവാദത്തെ എതിര്‍ത്ത് ഫിലിപ്പിന്‍സ് നല്കിയ പരാതിയിലാണ് ചൈനക്കെതിരായ വിധിയുണ്ടായത്.
അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധിയെ തള്ളിക്കളഞ്ഞ ചൈന സമുദ്രമേഖലയില്‍ കൂടുതല്‍ കരുത്ത് തെളിയിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ദക്ഷിണ ചൈന കടല്‍ വിവാദത്തില്‍ ഇന്ത്യ ചൈനയ്ക്ക് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. കടുത്ത ഭാഷയില്‍ വിമര്‍ശിച്ചില്ലെങ്കിലും ഐക്യരാഷ്ട്ര സഭയുടെ ട്രൈബ്യൂണല്‍ ഉത്തരവ് മാനിക്കേണ്ടതാണെന്നും തര്‍ക്കത്തിലുള്ള എല്ലാ രാജ്യങ്ങളും അതനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നുമുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇതില്‍ ചൈനയ്ക്ക് അപ്രിയവും ഉണ്ടായിരുന്നു.
ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിന് വിഘാതമായത് ചൈനയുടെ ഇടപെടലുകളായിരുന്നു. ജി20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ ദക്ഷിണ ചൈനാ കടല്‍ വിഷയം ഉന്നയിക്കരുതെന്നും ചര്‍ച്ച വന്നാല്‍ ബെയ്ജിങിനെതിരെ ഇന്ത്യ അണിചേരരുതെന്ന് ആവശ്യപ്പെടാനുമാണ് വാങ് യി ഇന്ത്യയിലെത്തുന്നത്. നയതന്ത്ര ചര്‍ച്ചകളിലൂടെ ഇന്ത്യയുടെ പിന്തുണ നേടാനാകുമെന്ന് ചൈന കരുതുന്നു.
ചൈനയ്ക്ക് പുറമേ ഫിലിപ്പീന്‍സ്, വിയറ്റ്നാം, മലേഷ്യ, തായ് വാന്‍, ബ്രൂണെ എന്നീ രാജ്യങ്ങളാണ് ദക്ഷിണ ചൈന കടലില്‍ അവകാശം ഉന്നയിക്കുന്നത്. പെട്രോളിയം നിക്ഷേപവും പവിഴപ്പുറ്റുകളും മല്‍സ്യ സമ്പത്തുമാണ് മേഖലയെ സുപ്രധാനമാക്കുന്നത്. ഇവിടെ ചൈന കൃത്രിമ ദ്വീപുകള്‍ നിര്‍മ്മിച്ച് സൈനിക ക്യാമ്പുകള്‍ സ്ഥാപിച്ചതോടെയാണ് ലോകരാജ്യങ്ങള്‍ ചൈനയ്ക്കെതിരെ രംഗത്ത് വന്നത്.
Discussion about this post