തിരുവനന്തപുരം: എടിഎം മെഷിനില്‍ പ്രത്യേക ഉപകരണം സ്ഥാപിച്ച് വിവരങ്ങള്‍ ശേഖരിച്ച് എടിഎം തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയെ ഇന്ന് കേരളത്തില്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചേക്കും. ഇയാളെ തെളിവെടുപ്പിന് വേണ്ടി തിരുവനന്തപുരത്തെ വിവിധ എടിഎം കൗണ്ടറുകളിലേക്ക് കൊണ്ടുവരും. റുമേനിയന്‍ പൗരനായ മരിയിന്‍ ഗബ്രിയേല്‍ ആണ് ഇന്നലെ അറസ്റ്റിലായത്.
ഇന്നലെ വൈകിട്ട് പണം പിന്‍വലിച്ച് മടങ്ങുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. കേരളാ പൊലീസിന്റെയും മുംബൈ പൊലീസിന്റേയും സംയുക്ത നീക്കത്തിലാണ് പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയത്. മുംബൈയില്‍ ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പൊലീസ് ഇന്നലെ പരിശോധന നടത്തി. പരിശോധനയില്‍ എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. കൂട്ടാളികളായ മറ്റ് രണ്ടുപേരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ ജൂണ്‍ 25നാണ് മരിയനും കൂട്ടാളികളും ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയത്. സെപ്റ്റംബര്‍ വരെയാണ് വിസാ കലാവധി.
എടിഎം മെഷീനില്‍ പ്രത്യേക ഉപകരണം സ്ഥാപിച്ച് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയത് റുമേനിയക്കാരാണെന്ന് കണ്ടെത്തിയിരുന്നു. വിനോദ സഞ്ചാരികള്‍ എന്ന പേരില്‍ കേരളത്തിലെത്തിയാണ് മോഷണം നടത്തിയത്. മോഷണം ആസൂത്രിതമായിരുന്നു. ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ അവര്‍ എവിടെയാണെന്ന് കണ്ടെത്താനാവാത്ത അവസരത്തിലാണ് അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിച്ചത്.
എടിഎം തട്ടിപ്പിന് പിന്നില്‍ മൂന്നംഗ വിദേശികളാണെന്ന് സിസിടിവി ദൃശ്യത്തില്‍ തെളിഞ്ഞിരുന്നു. ഇവര്‍ എടിഎം കൗണ്ടറില്‍ കടന്ന് മെഷിനില്‍ ഉപകരണവും ക്യാമറകളും സ്ഥാപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ എസ്ബിഐയുടെ എടിഎമ്മില്‍ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണ്‍ ബാറ്ററിയും ഘടിപ്പിച്ചാണ് മോഷണം നടത്തിയത്.
എടിഎം സെന്ററിന് മുകളിലെ സ്മോക് ഡിറ്റക്ടിംഗ് സംവിധാനത്തില്‍ ഹൈടെക് ഉപകരണങ്ങള്‍ യുവാക്കള്‍ ഘടിപ്പിക്കുന്നത് ദൃശ്യത്തില്‍ പതിഞ്ഞിരുന്നു. എടിഎമ്മില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച് രഹസ്യ പിന് നമ്പര്‍ ചോര്‍ത്തിയാണ് പണം തട്ടിയത്. പതിനായിരവും അതിനു മുകളിലേക്കുമുള്ള തുകകള്‍ നിരവധി പേരുടെ അക്കൗണ്ടുകളില്‍ നിന്നു പിന്‍വലിച്ചതായി പലര്‍ക്കും മെസേജ് ലഭിച്ചു.
അതേസമയം, പണം നഷ്ടപ്പെട്ടവര്‍ക്ക് മുഴുവന്‍ പണവും തിരിച്ചു നല്‍കുമെന്ന് എസ്ബിഐ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് പിന് നമ്പര്‍ മാറ്റാന്‍ എസ്ബിഐ കര്‍ശന നിര്‍ദ്ദേശം നല്കി.
Discussion about this post