ഡല്‍ഹി: സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ സുധീരനെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുധീരന് ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചത്. സംസ്ഥാനത്ത് പ്രബലരായ എ, ഐ ഗ്രൂപ്പുകള്‍ തനിക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ സുധീരന്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനെ ബോധിപ്പിച്ചു. സാധാരണ സന്ദര്‍ശനമാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരന്‍ വിശദീകരിച്ചതെങ്കിലും പാര്‍ട്ടിക്കുളളില്‍ തനിക്കെതിരേ ശക്തമായിക്കൊണ്ടിരിക്കുന്ന കരുനീക്കങ്ങളെക്കുറിച്ചാണ് കൂടിക്കാഴ്ചയില്‍ സുധീരന്‍ ഉന്നയിച്ചത്.
പാര്‍ട്ടി പുനസംഘടനയെന്ന ഉപാദ്ധ്യക്ഷന്റെ തീരുമാനത്തെ അട്ടിമറിക്കാന്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ ശ്രമിക്കുന്നതായി സുധീരന്‍ ചൂണ്ടിക്കാട്ടി. പുനസംഘടന കെ.പി.സി.സി അദ്ധ്യക്ഷനെക്കൂടി മാറ്റിക്കൊണ്ടാകണമെന്ന വാദം ഇതിന്റെ ഭാഗമാണെന്നും സുധീരന്‍ പറഞ്ഞു. സുധീരന്റെ പരാതികള്‍ കേട്ട കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ പുനസംഘടന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മുന്‍ നിശ്ചയിച്ചപ്രകാരം പൂര്‍ത്തിയാക്കാന്‍ എഐസിസി മുന്‍കൈ എടുക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയുടെ പശ്ചാത്തലത്തിലാണ് സുധീരനെതിരായ നീക്കം എ, ഐ ഗ്രൂപ്പുകള്‍ ശക്തമാക്കിയത്. അടുത്ത ആഴ്ച ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍ എത്തും. കോണ്‍ഗ്രസ് അധ്യക്ഷനെക്കൂടി മാറ്റിക്കൊണ്ടുള്ള പുനസംഘടന വേണമെന്ന വാദം അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിക്കും.
Discussion about this post