കൊച്ചി: ശ്രീകൃഷ്ണ ജയന്തി ദിനത്തോട് അനുബന്ധിച്ച് സംഘര്‍ഷമുണ്ടാകുമെന്ന ഐബി റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കണ്ണൂര്‍ കടുത്ത സുരക്ഷയില്‍. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയും സിപിഐഎമ്മിന്റെ നമ്മളൊന്ന് ഘോഷയാത്രയും ഒരേസമയം നിരത്തിലിറങ്ങുന്നതോടെ പ്രശ്നങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കണ്ണൂരില്‍ കനത്ത പൊലീസ് കാവലൊരുക്കിയിരിക്കുന്നത്.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കിടെ കൊല്ലത്തെ പത്തനാപുരത്ത് പുന്നലയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം ഉണ്ടായി. ആഘോഷങ്ങളുടെ ഭാഗമായി ബിജെപി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ സിപിഐഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് പുന്നലയില്‍ ബിജെപി നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
ചട്ടമ്പിസ്വാമി ദിനം മുതല്‍ അയ്യങ്കാളി ദിനം വരെ നീളുന്ന അഞ്ചുദിവസത്തെ വര്‍ഗീയ വിരുദ്ധ ക്യാംപെയ്ന്റെ ഭാഗമായാണ് നമ്മളൊന്ന് എന്ന പേരില്‍ സിപിഐഎം ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത്. കണ്ണൂരില്‍ 206 കേന്ദ്രങ്ങളിലാണ് സിപിഐഎം ഘോഷയാത്രകള്‍ നടത്തുന്നത്. അതെസമയം ബാലഗോകുലം 300 ഓളം സ്ഥലങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. സിപിഐഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് കനത്ത സുരക്ഷ. വൈകിട്ട് നടക്കുന്ന ഘോഷയാത്രകളില്‍ സംഘര്‍ഷമുണ്ടായാല്‍ ഇരുവിഭാഗത്തിന്റെയും നേതാക്കള്‍ക്കെതിരെ കേസുകള്‍ എടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
Discussion about this post