കൊച്ചി: സിപിഐഎം വിചാരിച്ചാല്‍ എറണാംകുളം ജില്ലയിലെ സിപിഐ ഇല്ലാതാകുമെന്ന പി രാജീവിന്റെ വാക്കുകള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് സിപിഐ എറണാകുളം സിപിഐ ജില്ലാ സെക്രട്ടറി പി. രാജു. വിളിച്ചു നടക്കേണ്ട ആവശ്യമില്ല. വിളിക്കാതെ തന്നെ സിപിഎം അംഗങ്ങളും സംഘടനാ പ്രവര്‍ത്തകരും സിപിഐയിലേക്ക് കൂട്ടമായി വരികയാണ്. സ്വന്തം അടിത്തറ ഇളകുമ്പോള്‍ നടത്തുന്ന ജല്പനമാണു സിപിഎം ജില്ലാ സെക്രട്ടറിയുടേതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു നൂറുകണക്കിനു സിപിഎം പ്രവര്‍ത്തകരും അനുഭാവികളും സിപിഐയില്‍ ചേര്‍ന്നു കഴിഞ്ഞു. സിപിഐയിലെ അസംതൃപ്തരെ സിപിഎമ്മിലേക്ക് വിളിക്കാന്‍ തീരുമാനിച്ചാല്‍ എറണാകുളം ജില്ലയില്‍ ഒരു ഘടകകക്ഷി തന്നെ ഇല്ലാതാകുമെന്ന് സിപിഐ ഓര്‍ക്കുന്നത് നല്ലതാണെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് പറഞ്ഞതിനോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്ന പി രാജു.
ഒഴുക്കു തുടരുകയാണ്. നൂറുകണക്കിനു പേര് സിപിഐയില്‍ ചേരാന്‍ തയ്യാറെടുക്കുന്നു. സ്വന്തം അണികള്‍ ചോര്‍ന്നു പോകുന്നത് എന്തുകൊണ്ടെന്നു സ്വയം വിമര്‍ശനപരമായി പരിശോധിക്കാതെ സിപിഐയുടെ മേല്‍ കുതിര കയറിയിട്ടു കാര്യമില്ലെന്നു പി രാജു പറഞ്ഞു.
സിപിഐ ഓഫിസില്‍ അന്തിത്തിരി കത്തിക്കാന്‍ ആളുണ്ടാവില്ലെന്നാണ് ആക്ഷേപം. അന്തിത്തിരിയല്ല, ദീപാവലി ആഘോഷം നടത്താനുള്ള കരുത്തുള്ള പാര്‍ട്ടിയാണു സിപിഐ. ഒന്നുമുതല്‍ ഏഴുവരെ എണ്ണാനേ സിപിഎം ജില്ലാ സെക്രട്ടറിക്ക് അറിയൂ. അതുകൊണ്ടാണ് ഏഴുപേര്‍ മാത്രമാണ് സിപിഎമ്മില്‍ നിന്നു സിപിഐ യില്‍ ചേര്‍ന്നിട്ടുള്ളൂ എന്ന് അദ്ദേഹം പറഞ്ഞത്. സിപിഎം ജില്ലാ സെക്രട്ടറി തയ്യാറാണെങ്കില്‍ സിപിഎം വിട്ടു സിപിഐ-യില്‍ വന്നവരുമായി സൗഹൃദപ്രകടനം നടത്താന്‍ തയ്യാറാണ്. പറഞ്ഞതിനെല്ലാം മറുപടി പറയാത്തത് എതിരാളികള്‍ക്ക് കൈ കൊട്ടിച്ചിരിക്കാന്‍ സാഹചര്യം ഉണ്ടാക്കും എന്നതിനാലാണ്. സിപിഎമ്മില്‍ ഗ്രൂപ്പിസമാണ്. വ്യക്തിപൂജയാണ് എന്നിങ്ങനെ പറഞ്ഞു വിജയത്തിനായി സിപിഐയുടെ സമ്പൂര്‍ണ സഹായം അഭ്യര്‍ത്ഥിച്ചയാളാണ് തൃപ്പൂണിത്തുറ എംഎല്‍എ എന്നും രാജു പറഞ്ഞു.
അതേസമയം സിപിഎം-സിപിഐ തര്‍ക്കം ജില്ലയില്‍ സൗഹൃദത്തിന്റെ പരിധികള്‍ ഭേദിച്ചിരിക്കെ സിപിഐ യുവജന സംഘടനയായ എഐവൈഎഫിന്റെ ജില്ലാ സമ്മേളനത്തില്‍ വി എസ് അച്ചുതാനന്ദന് പങ്കെടുക്കും.
ജില്ലാ സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിന്റെ ഉദ്ഘാടനത്തിനാണ് ഇന്ന് വൈകീട്ട് അഞ്ചിന് എറണാകുളം ടൗണ്‍ ഹാളില്‍ വിഎസ് വരുന്നത്. മന്ത്രി ഇ ചന്ദ്രശേഖരനും പങ്കെടുക്കും.
ജില്ലയില്‍ സിപിഎം-സിപിഐ തര്‍ക്കം രൂക്ഷമാണെങ്കിലും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ വിഎസ് സിപിഐ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇതിനു മുമ്പു വിഎസ് പ്രതിപക്ഷ നേതാവായിരിക്കെ എഐവൈഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ വന്നിരുന്നു.
എസ്എന്‍സി ലാവ്ലിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ആവശ്യപ്പെട്ടത് അന്നാണ്. തൃപ്പൂണിത്തുറയില്‍ എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ വിഎസിനു വന്‍സ്വീകരണമാണ് അന്ന് ലഭിച്ചത്.
Discussion about this post