ഹാങ്ഷു: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് രാജ്യങ്ങളുടെ നേതാക്കളോട് ആഹ്വാനം ചെയ്തു. ഭീകരവാദത്തിനെതിരെ യോജിച്ചു മുന്നേറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചൈനയില്‍ നടന്ന ജി 20 ഉച്ചകോടിയിലാണ് മോദി ഭീകരവാദത്തിനെതിരെയുള്ള തന്റെ കര്‍ശന നിലപാട് വ്യക്തമാക്കിയത്.
ഭീകരര്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനത്തിന് വലിയൊരു രാജ്യാന്തര ശൃംഖലയുടെ പിന്തുണയുണ്ടെന്നും മോദി പറഞ്ഞു. അതുകൊണ്ടുതന്നെ ഭീകരവാദത്തിനെതിരെ പോരാടാന്‍ മാത്രമല്ല, ഭീകരവാദത്തെ പിന്തുണക്കുന്നവരെ ഒറ്റപ്പെടുത്താനും ബ്രിക്സ് രാജ്യങ്ങള്‍ യോജിച്ചു നില്‍ക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഏഷ്യയിലും ലോകത്തിന്റെ പല കോണുകളിലും ഭീകരവാദികള്‍ക്ക് ബാങ്കോ ആയുധ നിര്‍മാണ ശാലകളോ ഇല്ലെന്ന് മോദി ചൂണ്ടിക്കാട്ടി. എന്നാല്‍ ചില ശക്തികള്‍ ഭീകരര്‍ക്ക് പണവും ആയുധങ്ങളും നല്‍കുന്നുണ്ടെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്.
പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയാണ് ഭീകരവാദത്തിനെതിരായ ബ്രിക്സ് കൂട്ടായ്മയ്ക്ക് ആഹ്വാനം ചെയ്തത്. രാജ്യാന്തര സ്വഭാവമുള്ള വിഷയങ്ങളില്‍ ഏറെ സ്വാധീനമുള്ള ശബ്ദമാണ് ബ്രിക്സിന്റേതെന്നും മോദി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ വികസനവഴിയിലുള്ള രാജ്യങ്ങളെ അവരുടെ ലക്ഷ്യം നേടാന്‍ സഹായിക്കുന്നതിന് വികസനവുമായി ബന്ധപ്പെട്ട രാജ്യാന്തര അജണ്ട നിശ്ചയിക്കേണ്ടത് ബ്രിക്സിന്റെ കൂട്ടുത്തരവാദിത്തമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, ബ്രസീലിലെ പുതിയ പ്രസിഡന്റ് മൈക്കല്‍ ടെമര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post