കൊച്ചി: ഹൈക്കോടതിക്കു സമീപം ജമാ അത്തെ ഇസ്ലാമി ഇന്നലെ നടത്താനിരുന്ന സമ്മേളനവേദിയില്‍ ഫ്രാന്‍സ് മോഡല്‍ ഭീകരാക്രമണ ഭീഷണി. ഫ്രാന്‍സ് ആക്രമണ മാതൃകയില്‍ വാഹനം ഇടിച്ചുകയറ്റുമെന്ന വിവരമാണു കേന്ദ്ര എജന്‍സികള്‍ പോലിസിന് കൈമാറിയത്. ഇതേത്തുടര്‍ന്നു ചടങ്ങു മറ്റൊരിടത്തു കനത്ത സുരക്ഷയില്‍ നടത്തി.
സമ്മേളനത്തില്‍ അതിഥിയായിരുന്ന രാഹുല്‍ ഈശ്വറിനെ സുരക്ഷയുടെ ഭാഗമായി പൊലീസ് തടഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ആശയങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയായി ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍നിന്നുള്ള പ്രതിഷേധമെന്ന നിലയിലാണു ചടങ്ങു സംഘടിപ്പിച്ചത്. മറ്റുമതസ്ഥരായ വ്യക്തികളെയും ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു. ഈ ചടങ്ങിനുനേരെയാണ് തീവ്രചിന്താഗതിയുള്ള സംഘടന ഭീഷണി ഉന്നയിച്ചത്.
ഭീഷണി സംബന്ധിച്ച വിവരം ഇന്നലെ ഉച്ചയ്ക്കുശേഷം കേരളാ പൊലീസിനു ലഭിച്ചു. തുടര്‍ന്നു വളരെശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയത്. കൊച്ചി നഗരത്തിലെയും പുറത്തേക്കുമുള്ള റോഡുകളില്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പരിശോധന നടത്തി.
പെരുമ്പാവൂര്‍ പോലുള്ള എറണാകുളത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍നിന്നുള്ളവരെ ഉപയോഗിച്ച് ആക്രമണം നടത്താന്‍ തയാറെടുത്തെന്നായിരുന്നു വിവരം.
Discussion about this post