മുംബൈ: ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍ വിരമിച്ചതിന് കാരണം ബിസിസിഐയുടെ സമ്മര്‍ദ്ദമാണെന്ന വാദത്തിന് ആക്കം കൂട്ടി സന്ദീപ് പാട്ടീലിന്റെ ഒഴിഞ്ഞുമാറല്‍. ന്യൂസിലന്റിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച ശേഷമുള്ള വാര്‍ത്താ സമ്മേളനമാണ് വിവാദത്തിന് വീണ്ടും തിരി കൊളുത്തിയിരിക്കുന്നത്. യുവ ബാറ്റ്സ്മാന്മാര് ഉള്‍പ്പെട്ട ഒരു പുതിയ ടീം ഉണ്ടാക്കാന്‍ സച്ചിനില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ആരോപണം.
2013-ല്‍ വെസ്റ്റിന്‍ഡീസിനെതിരേയുള്ള മത്സരത്തിലാണ് സച്ചിന് വിരമിച്ചത്. ഇക്കാര്യത്തില്‍ കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ സെലക്ടര്‍ സന്ദീപ് പാട്ടിലിനോട് സച്ചിന്റെ വിരമിക്കല്‍ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സെലക്ഷന് കമ്മറ്റി യോഗത്തില്‍ എടുക്കുന്ന തീരുമാനം പുറത്തു വിടാന്‍ കഴിയുന്നതല്ല എന്നായിരുന്നു സന്ദീപ് പാട്ടീലിന്റെ മറുപടി. സച്ചിന്റെ വിരമിക്കല്‍ സംബന്ധിച്ച ഒരു കാര്യവും പാട്ടീല്‍ പറഞ്ഞില്ലെങ്കിലും അദ്ദേഹം ഇക്കാര്യം പറയാതെ പറയുകയാണെന്ന വിലയിരുത്തലുകളിലാണ് മാധ്യമങ്ങള്‍.
2012-ല്‍ മൊഹീന്ദര്‍ അമര്‍നാഥിന്റെ പകരക്കാരനായി സെലക്ടറായി എത്തിയ സന്ദീപ് പാട്ടീലിന്റെ കാലാവധി പൂര്‍ത്തിയാകുകയാണ്. സെലക്ടറായി ഇരുന്നത് കൊണ്ട് തനിക്കുണ്ടായ വലിയ ദു:ഖങ്ങളില്‍ ഒന്ന് നല്ല സുഹൃത്തുക്കളെ നഷ്ടമായി എന്നതാണെന്നും സന്ദീപ് പറഞ്ഞു. വാങ്കഡേ സ്റ്റേഡിയത്തില്‍ 2013 നവംബര്‍ 16 ന് വെസ്റ്റിന്‍ഡീസിനെതിരേയുള്ള മത്സരത്തിലാണ് സച്ചിന് വിരമിച്ചത്. ദേശീയ സെലക്ടറായിരിക്കെ ശ്രീനിവാസന്റെ നിര്‍ദേശ പ്രകാരം പാട്ടീല്‍ സച്ചിനെ സന്ദര്‍ശിച്ച് സച്ചിനോട് വിരമിക്കാന്‍ ആവശ്യപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു. ഇരുനൂറാം ടെസ്റ്റിന് പിന്നാലെ സച്ചിനെ സന്ദര്‍ശിച്ച പാട്ടീല്‍ പഴയ റെക്കോഡിന്റെ പേരിലല്ല ഫോമാണ് പ്രശ്നമെന്നും ഭാവിയിലേക്കുള്ള ടീമിനെ വാര്‍ത്തെടുക്കേണ്ടതുണ്ട് എന്നും പറഞ്ഞതായിട്ടായിരുന്നു വാര്‍ത്തകള്‍.
Discussion about this post