യുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭാ രക്ഷാസമിതി വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. യു.എന്‍ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് പുതിയ ലോകക്രമത്തിന്റെ അടിസഥാനത്തില്‍ യു.എന്‍ രക്ഷാസമിതി വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടിയത്.
നിലവിലെ രക്ഷാസമിതി പഴയ കാലത്തെയാണ് പ്രതിഫലിപ്പിക്കുന്നത്, കുറച്ച് രാജ്യങ്ങളുടെ താത്പര്യങ്ങളെ മാത്രം സംരക്ഷിക്കുന്ന രീതിയില്‍ 1945-കളിലേപ്പോലെ യു.എന്‍ നിലനിന്നാല്‍ പോര. ഇതാണ് കൂടുതല്‍ രാജ്യങ്ങളും ആഗ്രഹിക്കുന്നത്. സ്ഥിരാംഗങ്ങളുടെയും താത്കാലിക അംഗങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും സുഷമാ സ്വരാജ് അഭിപ്രായപ്പെട്ടു. നിലവില്‍ സുരക്ഷാ സമിതിയില്‍ അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന, ബ്രിട്ടണ്‍ തുടങ്ങിയ അഞ്ച് സ്ഥിരാംഗങ്ങളും രണ്ടുവര്‍ഷത്തെ കാലയളവില്‍ തിരഞ്ഞെടുക്കപ്പെടുന്ന 10 താത്കാലിക അംഗങ്ങളുമാണ് ഉള്ളത്. രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നേടാന്‍ ഇന്ത്യ കാലങ്ങളായി ശ്രമിച്ച് വരികയാണ്.
ഇന്ത്യയ്‌ക്കൊപ്പം ബ്രസീല്‍, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും രക്ഷാസമിതി വിപുലീകരിക്കണമെന്ന ആവശ്യക്കാരാണ്. ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങള്‍ക്കും അംഗരാജ്യങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്ന തരത്തില്‍ രക്ഷാസമിതി വിപുലീകരിക്കണമെന്നാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള പരിഷ്‌കരണ വാദികള്‍ ആവശ്യപ്പെടുന്നത്.
Discussion about this post