ഡല്‍ഹി: ബിസിസിഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ജസ്റ്റിസ് ആര്‍എം ലോധ. ബിസിസി ഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ലോധ പാനല്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ-ന്യൂസിലാന്റ് പരമ്പര റദ്ദാക്കുമെന്ന ബിസിസിഐയുടെ പ്രസ്താവനയ്ക്ക് പ്രതികരിക്കുകയായിരുന്നു ആര്‍എം ലോധ.
തങ്ങള്‍ ബിസിസിഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നും ബിസിസിഐയുടെ ഫണ്ടില്‍ നിന്നും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് നല്കുന്ന പണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയതെന്നും ലോധ വ്യക്തമാക്കി. മത്സരങ്ങളുടെ നടത്തിപ്പിനും, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ബിസിസിഐയുടെ ചെലവുകളിന്മേല് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ലോധ കൂട്ടിചേര്‍ത്തു.
ബിസിസിഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് ലോധാ സമിതിയുടെ തീരുമാനമെന്നും ഈ അവസരത്തില്‍ പരമ്പര റദ്ദാക്കാനാണ് തീരുമാനമെന്നും ബിസിസിഐ ഇന്നലെ അറിയിക്കുകയായിരുന്നു. ലോധ സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ബിസിസിഐ പാലിച്ചിരുന്നില്ല. എല്ലാ നിര്‍ദേശങ്ങളും അതേപടി പാലിക്കുക എന്നത് അപ്രായോഗികമാണെന്നാണ് ബിസിസിയുടെ പൊതു നിലപാട്. രാജ്യത്തെ ക്രിക്കറ്റ് ഭരണസംവിധാനം കുറ്റമറ്റതാക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ലോധ സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കണിശമായി പാലിക്കണമെന്ന സുപ്രീംകോടതി വിധി ബിസിസിഐ പ്രത്യേക ജനറല്‍ ബോഡി യോഗം നിരസിക്കുകയായിരുന്നു.
ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, 70 കഴിഞ്ഞവര്‍ ഭരണസമിതികളില്‍ പാടില്ല, മൂന്നു പേരുടെ സെലക്ഷന് പാനല്‍, ഭരണാധികാരികള്‍ക്ക് മൂന്നു വര്‍ഷ ‘കൂളിങ് ഓഫ്’ കാലം തുടങ്ങിയ പ്രധാന മാര്‍ഗനിര്‍ദേശങ്ങളാണ് ബിസിസിഐക്ക് സ്വീകാര്യമല്ലാത്തത്. സമിതിയുടെ മറ്റു നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ മതിയെന്ന് ബിസിസിഐ വോട്ടിനിട്ട് തീരുമാനിക്കുകയായിരുന്നു.
സമിതി നിര്‍ദേശങ്ങള്‍ ബിസിസിഐ പാലിക്കുന്നില്ലെന്ന് ജസ്റ്റിസ് ലോധ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 30നു മുന്‍പ് ബിസിസിഐയും സംസ്ഥാന അസോസിയേഷനുകളും സമിതി ശുപാര്‍ശ പ്രകാരമുള്ള ഭരണസംവിധാനം അംഗീകരിക്കണമെന്നതും പാലിക്കപ്പെട്ടിട്ടില്ല. സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്നത് കോടതിയലക്ഷ്യ നടപടിയായി പരിഗണിച്ച് നടപടി എടുക്കുമെന്ന് സുപ്രീം കോടതി ബിസിസിഐക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Discussion about this post