ഫ്ളോറിഡ: ‘മാത്യു’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഫ്ളോറിഡയില്‍ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റ് ഫ്ളോറിഡ വഴി (അറ്റ്ലാന്റിക് തീരം) കടന്നു പോകുമെന്നാണ് യു.എസിലെ ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചത്. ഫ്ളോറിഡ, ജോര്‍ജിയ, ദക്ഷിണ കരോലൈന, വടക്കന്‍ കരോലൈന എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബഹാമാസ് ദ്വീപില്‍ ആഞ്ഞടിച്ച ‘മാത്യു’ ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയര്‍ന്നു. അവസാന റിപ്പോര്‍ട്ട് പ്രകാരം 283 പേര് മരിച്ചിട്ടുണ്ട്. റോക് എ ബട്ടാവുവില്‍ മാത്രം 50 പേര് മരിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണപൂര്‍വ തീരവാസികളോട് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി. അങ്ങേയറ്റം അപകടകാരിയായ കാറ്റഗറി നാലില്‍ ഉള്‍പ്പെടുന്ന ചുഴലിക്കാറ്റാണ് ‘മാത്യു’.
ജെറിമി പട്ടണത്തില്‍ 80 ശതമാനം വീടുകളും സഡ് പ്രവിശ്യയില്‍ 30,000 ഭവനങ്ങളും നിരവധി ബോട്ടുകളും തകര്‍ന്നു. തീരദേശ റോഡുകളില്‍ അവശിഷ്ടങ്ങള്‍ കൂമ്പാരമായി കിടക്കുകയാണ്. ജനവാസ മേഖലകള്‍ വെള്ളത്തിനടിയിലാണ്.
ഹെയ്തി, ക്യൂബ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളിലൂടെയാണ് ‘മാത്യു’ ചുഴലിക്കാറ്റ് കടന്നുവന്നത്. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റ് ക്യൂബയിലും കനത്ത നാശമാണ് വിതച്ചത്. 2010ലെ ഭൂകമ്പത്തിനു ശേഷം ആഞ്ഞടിച്ച കാറ്റ് ജീവാപായം ഉള്‍പ്പെടെ കടുത്ത പ്രതിസന്ധിയിലേക്കാണ് ഹെയ്തിയെ നയിക്കുക.
Discussion about this post