കശ്മീരിലെ ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ മോശമായിരിക്കുന്ന സാഹചര്യത്തില്‍ പാക് താരങ്ങള്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. സിനിമാ താരങ്ങളെ തീവ്രവാദികളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. എന്നാല്‍ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ മോശമാകുന്ന സാഹചര്യത്തില്‍ പാക് താരങ്ങള്‍ക്കൊപ്പം സിനിമ ചെയ്യില്ല എന്ന് അജയ് പറയുന്നു. പുതിയ ചിത്രം ശിവായുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അജയ് മനസ് തുറന്നത്. അജയ് ദേവ്ഗണിന്റെ ഭാര്യയും പ്രശസ്ത നടിയുമായ കാജോളും ഭര്‍ത്താവിന്റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോള്‍ രാജ്യത്തിന്റെ പൊതു വികാരത്തോടൊപ്പം നില്‍ക്കേണ്ട സമയമാണെന്നും, തന്റെ സിനിമ പാകിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും അജയ് കൂട്ടിച്ചേര്‍ത്തു. പാക് താരങ്ങളുടെ കാര്യത്തില്‍ ബോളിവുഡ് രണ്ടു തട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് അജയിന്റെ പ്രതികരണം.
പാക് സിനിമാ താരങ്ങള്‍ ഇന്ത്യവിട്ട് പോകണമെന്നും ഇവരെ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ സല്‍മാന്‍ ഖാന്‍, രാധികാ ആപ്‌തെ തുടങ്ങിയവര്‍ പാക് താരങ്ങളെ പിന്തുണച്ച് സംസാരിച്ചിരുന്നു. പാക് താരങ്ങളായ ഫവദ് ഖാനും മാഹിറാ ഖാനും പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ഏ ദില്‍ ഹെ മുഷ്‌കിലില്‍ ഫവദ് ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷാരൂഖ് ഖാന്‍ ചിത്രം റയീസിലെ നായികയാണ് മാഹിറാ.
കരണ്‍ ജോഹറും അജയും കുറച്ചുകാലങ്ങളായി അഭിപ്രായവത്യസത്തിലാണ്. ഏ ദില്‍ ഹേ മുഷ്‌കിലിനെ പുകഴ്ത്താനും ശിവായെ മോശമാക്കി പറയാനും കരണ്‍ ജോഹര്‍ സിനിമാ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ കമാല്‍ ആര്‍ ഖാന് 25 ലക്ഷം രൂപ കൈകൂലി നല്‍കിയെന്ന് അജയ് ആരോപിച്ചിരുന്നു.
Discussion about this post