ഇസ്ലാമാബാദ്: പാക്ക് സൈന്യവും സര്‍ക്കാരും തമ്മിലുള്ള സ്വരചേര്‍ച്ചയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത പാക്ക് മാധ്യമപ്രവര്ത്തകന് യാത്രാ വിലക്ക്. പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമമായ ഡോണ്‍ ദിനപത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ സിറില്‍ അല്മെയ്ദയ്ക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
വിലക്കു വന്നതോടെ ഇദ്ദേഹത്തിന് വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ സാധിക്കില്ല. വിലക്ക് തന്നെ വേദനിപ്പിച്ചതായും പാക്കിസ്ഥാന് വിട്ടു പോകാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇതെന്റെ സ്വന്തം വീടാണെന്നും സിറില്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ മിന്നലാക്രമണത്തെത്തുടര്‍ന്ന് സര്‍ക്കാരും ഐഎസ്ഐയും സൈന്യവും തമ്മില്‍ ഉടലെടുത്ത ഭിന്നതയെക്കുറിച്ചായിരുന്നു സിറിലിന്റെ റിപ്പോര്‍ട്ട്. ഭീകരര്‍ക്കു പാക്ക് സൈന്യം നല്കുന്ന പിന്തുണയെത്തുടര്‍ന്ന് രാജ്യാന്തരതലത്തില്‍ പാക്കിസ്ഥാന് ഒറ്റപ്പെട്ടേക്കുമെന്ന് സര്‍ക്കാര്‍ ഉത്കണ്ഠപ്പെടുന്നതായും ഇതേച്ചൊല്ലി നവാസ് ഷെരീഫും ഐഎസ്ഐ മേധാവിയും തമ്മില്‍ ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ വന്‍ വിവാദവുമുണ്ടായി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് വാര്‍ത്തയെന്നു പറഞ്ഞ പാക്ക് സര്‍ക്കാര്‍ റിപ്പോര്‍ട്ടിനെ തള്ളി.
വാര്‍ത്തയ്ക്കു പിന്നാലെ പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്, ധനമന്ത്രി ഇഷ്ഹാഖ് ദര്, ആഭ്യന്തരമന്ത്രി നിസാര്‍ അലി ഖാന്, പഞ്ചാബ് മുഖ്യമന്ത്രി ഷെഹബാസ് ഷെരീഫ്, ഐഎസ്ഐ മേധാവി റിസ്വാന് അക്തര്‍ എന്നിവര്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. ഈ യോഗത്തില്‍ ഡോണ്‍ പത്രത്തില്‍ വന്ന വാര്‍ത്തയും ചര്‍ച്ച ചെയ്തു. ഇതിനു പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകനുനേരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഷെരീഫ് നിര്‍ദേശം നല്‍കിയത്.
Discussion about this post