അബുദാബിയില്‍ ആദ്യത്തെ ഹിന്ദുക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് 20,000 ചതുരശ്രമീറ്റര്‍ (4.95 ഏക്കര്‍) സ്ഥലമനുവദിച്ച് സര്‍ക്കാര്‍. ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ആരംഭിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യവസായപ്രമുഖന് ബി.ആര്. ഷെട്ടിയാണ് ഇക്കാര്യമറിയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ.സന്ദര്‍ശനവേളയില്‍ വിശ്വാസികള്‍ക്കായി ക്ഷേത്രമനുവദിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.
അബുദാബി നഗരത്തില്‍നിന്ന് 30 കി.മീറ്റര്‍ അകലെ അല്‍ വത്ബയില് അല്‍ അമീന് റോഡിനുസമീപത്താണ് സ്ഥലമനുവദിച്ചത്. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദിന്റെ നിര്‍ദേശപ്രകാരമാണ് ക്ഷേത്രസമുച്ചയം ഉയരുന്നത്.
നിര്മാണപ്രവര്ത്തനങ്ങള്ക്കു മുന്നോടിയായി കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചതായും അദ്ദേഹമറിയിച്ചു. ക്ഷേത്രനിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം ഔദ്യോഗികമായി പ്രഖ്യാപിക്കും. അടുത്ത ദുര്‍ഗാഷ്ടമിക്കു മുന്‍പായി ക്ഷേത്രംപണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
മഹാവിഷ്ണു, പരമശിവന്, അയ്യപ്പന് തുടങ്ങിയ ദൈവങ്ങളുടെ പ്രതിഷ്ഠകള്‍ ക്ഷേത്രത്തിലുണ്ടാവുമെന്ന് ബി.ആര്. ഷെട്ടി പറഞ്ഞു. വിനോദസഞ്ചാരികളെക്കൂടി ആകര്‍ഷിക്കുംവിധമാണ് ക്ഷേത്രസമുച്ചയവും അനുബന്ധസൗകര്യങ്ങളും ഒരുക്കുക. യു.എ.ഇ.യിലെ ഹിന്ദുസമൂഹം ദശാബ്ദങ്ങളായി ആഗ്രഹിക്കുന്ന ഈ സ്വപ്നം എത്രയുംപെട്ടെന്ന് യാഥാര്‍ഥ്യമാക്കാന്‍ അബുദാബിസര്ക്കാര് എല്ലാസഹായവും വാഗ്ദാനം ചെയ്തതായും ഷെട്ടി പറഞ്ഞു.
2017 ജനവരി 26ന് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥി ശൈഖ് മുഹമ്മദാണ്. അദ്ദേഹത്തിന്റെ ഡല്‍ഹി യാത്രയ്ക്ക് മുന്‍പായി ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷെട്ടി വിശദീകരിച്ചു.
Discussion about this post