തിരുവനന്തപുരം: ചൈനീസ് വ്യാജമുട്ടകള്‍ വിപണിയില്‍ വിറ്റഴിക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കണ്ടെത്തല്‍. തൃശൂര്‍ വെറ്റിനറി സര്‍വ്വകലാശാല നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍, തെളിവുകളുടെ അടിസ്ഥാനത്തിലാണ് വ്യാജമുട്ടകള്‍ കേരളത്തില്‍ വിറ്റഴിക്കുന്നില്ല എന്ന് തിരിച്ചറിയാനായത്.
12 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരു മുട്ടപോലും വ്യാജമല്ലെന്നും, യഥാര്‍ഥ മുട്ടതന്നെയാണെന്നും കണ്ടെത്തി. വെറ്റിനറി സര്‍വ്വകലാശാലയുടെ മീറ്റ് ആന്റ് സയന്‍സ് ടെക്നോളജിയുടെ പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. തൊടുപുഴയിലും ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലും വ്യാജമുട്ടകള്‍ ആളുകള്‍ക്ക് ലഭ്യമായതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാജമുട്ട വാര്‍ത്ത കേരളത്തിലാകെ പ്രചരിച്ചത്. എന്നാല്‍ മുട്ടകള്‍ കൃത്രിമമായി ഉണ്ടാക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ഇത്തരത്തില്‍ കൃത്രിമ മുട്ടകള്‍ എത്തുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. അന്ന് നടത്തിയ പരിശോധനയിലും കൃത്രിമമുട്ടകള്‍ ഇല്ല എന്ന് തന്നെയാണ് കണ്ടെത്തിയത്.
മുട്ടകളൊന്നും കൃത്രിമല്ലെന്ന് മാര്‍ച്ച് മാസത്തില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നതായി മീറ്റ് ആന്റ് സയന്‍സ് ടെക്നോളജി ഡയറക്ടറായിരുന്ന ഡോ. ജോര്‍ജ് ടി ഉമ്മന്‍ വ്യക്തമാക്കി. ‘മുട്ട കൃത്രിമമായി ഉണ്ടാക്കാന്‍ നിലവില്‍ കഴിയില്ല. മുട്ട ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുമില്ല. ഇറക്കുമതി ചെയ്യണമെങ്കില്‍ മദ്രാസ് തുറമുഖം വഴിയേ സാധിക്കൂ. അവിടുത്തെ തുറമുഖം വഴി മുട്ട ഇറക്കുമതി ചെയ്യുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്’; അദ്ദേഹം പറഞ്ഞു.
കേടായ മുട്ടകളാണ് ചൈനീസ് മുട്ടകള്‍ എന്ന പേരില്‍ പ്രചരിക്കുന്നത്. ദീര്‍ഘനാള്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നതും പിന്നീട് ദീര്‍ഘദൂരം വാഹനത്തില്‍ കൊണ്ട് പോകുന്നതും മുട്ടയുടെ ഘടനയില്‍ മാറ്റം വരുത്തുന്നുണ്ട്. വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്നും ഡോ. ഉമ്മന്‍ മുന്നറിയിപ്പ് നല്കി
Discussion about this post