വാഷിംഗ്ടണ്‍: ഭീകരതയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്. പാക് മണ്ണ് ഭീകരരുടെ സുരക്ഷിത താവളമാക്കരുത്. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകര സംഘടനകള്‍ക്കുമുള്ള പിന്തുണ പിന്‍വലിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. പാകിസ്ഥാനുള്ള എല്ലാ ഭീകര സംഘടനകള്‍ക്കെതിരെയും നടപടി വേണമെന്നും അവര്‍ക്ക് നല്‍കിവരുന്ന പിന്തുണ ഉപേക്ഷിക്കണമെന്നും നിരന്തരം ആവശ്യപ്പെടുന്നതാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് മാര്‍ക് ടോണര്‍ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭീകരരുടെയും അക്രമാസക്തരായ ഭീവ്രവാദികളുടെയും പ്രവര്‍ത്തനങ്ങളില്‍ പാകിസ്ഥാന് ഏറെ അനുഭവിക്കുന്നുണ്ടെന്ന് അറിയാം. ഈ ഭീകര ഭീഷണികള്‍ ഒഴിവാക്കാന്‍ പാകിസ്ഥാനെ സഹായിക്കാന്‍ അമേരിക്ക സന്നദ്ധമാണ്. എന്നാല്‍ ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാകിസ്ഥാന് തന്നെ തയ്യാറാകണമെന്നാണ് തങ്ങള്‍ക്ക് പറയാനുള്ളതെന്നും മാര്‍ക് ടോണര്‍ വ്യക്തമാക്കി. ജമ്മു കശ്മീരിലെ ഉറയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യാ-പാകിസ്ഥാന് ബന്ധം വഷളായ സാഹചര്യത്തില്‍ കൂടിയാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
Discussion about this post