കശ്മീര്‍: മദ്രസയില്‍ നിന്നും ഓടിപ്പോകാതിരിക്കാന്‍ 11 വയസുകാരന് മകനെ കാലില്‍ ചങ്ങലയിട്ടതിന് മാതാപിതാക്കള്‍ക്കെതിരെ കേസ്. കശ്മീരിലെ ഭതിണ്ടിയിലാണ് സംഭവം. മദ്രസയില്‍ നിന്നും നേരത്തെ കുട്ടി ഓടിപ്പോയതിനാല്‍ കുട്ടിയെ മദ്രസയിലേക്കു പിടിച്ചുകൊണ്ടുവന്നശേഷം കാലില്‍ ചങ്ങലയിടുകയായിരുന്നു എന്നാണ് മദ്രസയിലെ മൗലവിയായ അബ്ദുല്‍ ഗഫൂറും കുട്ടിയുടെ മാതാപിതാക്കളും പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ചങ്ങലയ്ക്കിട്ട കുട്ടിയുടെ ചിത്രം വാട്സ്ആപ്പ് വഴി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച പൊലീസ് സ്ഥലത്തെത്തുകയും കേസെടുക്കുകയുമായിരുന്നു. കുട്ടിയെ പ്രാദേശിക പൊലീസ് പോസ്റ്റിലേക്കു കൊണ്ടുപോകുകയും ചങ്ങല അഴിച്ചുമാറ്റിയശേഷം പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും പൊലീസ് ആക്ട് സെക്ഷന്‍ 36 പ്രകാരം ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
മ്യാന്മറില് നിന്നും ഇന്ത്യയിലേക്കു കുടിയേറിയവരാണ് കുട്ടികളുടെ രക്ഷിതാക്കള്‍. നാലു വര്‍ഷം മുമ്പ് ബംഗ്ലാദേശ് വഴിയാണ് തങ്ങള്‍ ഇവിടെ വന്നതെന്നും മൂന്നുവര്‍ഷം മുമ്പാണ് ജമ്മുവിലെത്തിയതെന്നും മാതാപിതാക്കള്‍ പറയുന്നു.
മകന്റെ കാലില്‍ ചങ്ങലയിട്ടു പൂട്ടിയതായി മാതാവ് സമ്മതിച്ചിട്ടുണ്ട്. രണ്ടു തവണ കുട്ടി മദ്രസയില്‍ നിന്നും ഓടിപ്പോയിട്ടുണ്ടെന്നും അതുകൊണ്ടാണ് കുട്ടിയുടെ കാലില്‍ ചങ്ങലയിട്ടതെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. നേരത്തെ ക്വാസിം നഗറിലെ സര്‍ക്കാര്‍ സ്കൂളില്‍ കുട്ടിയെ ചേര്‍ത്തിരുന്നു. എന്നാല്‍ അവിടെ നിന്നും കുട്ടി ഓടിപ്പോയതിനെ തുടര്‍ന്ന് ആറുമാസം മുമ്പാണ് മദ്രസയിലേക്കു കൊണ്ടുപോയതെന്നും മാതാപിതാക്കള്‍ പറയുന്നു.
Discussion about this post