ഡല്‍ഹി: കേരള ഹൈക്കോടതിയിലും വിവിധ കോടതികളിലും നിലനില്‍ക്കുന്ന മാധ്യമവിലക്കിന് എതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഒരു വിഭാഗം അഭിഭാഷകര്‍ അടച്ച് പൂട്ടിയ ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും കേരളത്തിലെ കോടതികളില്‍ മാന്യമായി പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ പിനാക്കി ചന്ദ്രഘോഷ്, യു യു ലളിത് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജി പരിഗണിക്കുന്നത്. പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി പ്രമുഖ അഭിഭാഷകന് കപില്‍ സിബല്‍ ഹാജരാകും.
കോടതി സ്വകാര്യ സ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്ക് ഉണ്ടാവാന്‍ പാടില്ല. കോടതിയില്‍ ആര് കയറണം ആര് കയറേണ്ടതില്ല എന്നൊക്കെ കല്പ്പിക്കാന് അഭിഭാഷകര്‍ അധികാരികളല്ലെന്നും കോടതിയില്‍ പത്രപ്രവര്‍ത്തകര്‍ കടക്കരുതെന്നത് പറയുന്നത് പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം വിലക്കുന്നതിനു തുല്യമാണെന്നും പിണറായി വിജയന് അഭിപ്രായപ്പെട്ടിരുന്നു.
കേരളത്തിലെ കോടതികളില്‍ നിലനില്‍ക്കുന്ന മാധ്യമ വിലക്കില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും കഴിഞ്ഞ ദിവസം ആശങ്ക രേഖപ്പെടുത്തിയിരുന്നു. മാധ്യമ വിലക്കു സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും വ്യക്തമാക്കിയിരുന്നു.
Discussion about this post