ഡല്‍ഹി: പാകിസ്ഥാന് താരങ്ങളെ അഭിനയിപ്പിച്ച സിനിമാ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കണമെന്ന മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ പ്രസ്താവനയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ഇന്ത്യന്‍ സൈന്യം. നിര്‍ബന്ധിത സംഭാവന സ്വീകരിക്കില്ലെന്ന് മുതിര്‍ന്ന സൈനിക ആസ്ഥാനത്തെ ഉദ്യോഗസ്ഥന് പ്രതികരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയ നേട്ടത്തിനായി സൈന്യത്തിന്റെ പേര് ഉപയോഗിക്കരുതെന്ന് നിരവധി സൈനിക ഉദ്യോഗസ്ഥരും മുന്‍ സൈനികരും പറഞ്ഞതായി പത്രം പറയുന്നു.
ദേശീയവികാരം ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ സൈനികന് ബ്രിഗേഡിയര്‍ കുശാല്‍ താക്കൂര്‍ പറഞ്ഞു. അഞ്ച് കോടി സംഭാവന നല്‍കണമെന്ന് നിര്‍ബന്ധിക്കുന്നത് ശരിയാണോ?. രാഷ്ട്രീയ നേട്ടത്തിനായി സൈന്യത്തിന്റെ പേര് ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പാക് നടന് ഫവാദ് ഖാന് അഭിനയിച്ച ‘യേ ദില്‍ ഹേ മുശ്കില്‍’ പ്രദര്‍ശനം തടയുമെന്ന് നേരത്തെ എംഎന്‍എസ് ഭീഷണിയുയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് കരണ്‍ ജോഹര്‍ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. പ്രശ്നപരിഹാരത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ എംഎന്‍എസ് നേതാവ് രാജ് താക്കറെ മുന്നോട്ട് വെച്ച ഉപാധികളില്‍ ഒന്നായിരുന്നു സൈന്യത്തിന് സംഭാവന നല്‍കണമെന്നത്. പാക് താരങ്ങള്‍ അഭിനയിച്ച സിനിമകളില്‍ ഇന്ത്യന്‍ സൈന്യത്തിന് ആദരവ് അര്‍പ്പിക്കുന്ന സ്ളൈഡുകള്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം, ഭാവിയില്‍ പാക് അഭിനേതാക്കളെ ഉള്‍പ്പെടുത്തി സിനിമകള്‍ ചെയ്യാന്‍ പാടില്ല എന്നിവയായിരുന്നു മറ്റു രണ്ട് നിബന്ധനകള്‍. സിനിമാ നിര്‍മ്മാതാക്കള്‍ ഈ നിബന്ധനകള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് എംഎന്‍എസ് സിനിമാ വിലക്കില്‍ നിന്നും പിന്മാറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉറി ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എംഎന്‍എസ് പാക് താരങ്ങളെ അഭിനയിപ്പിച്ച സിനിമകള്‍ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരുന്നത്.
Discussion about this post