ഡല്‍ഹി: ചാരപ്രവര്‍ത്തനം നടത്തിയ ആറ് ഉദ്യോഗസ്ഥരെ ഇന്ത്യയില്‍നിന്ന് പാകിസ്ഥാന് പിന്‍വലിച്ചതിന് പിന്നാലെ പാകിസ്ഥാനില്‍നിന്ന് എട്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കുന്നു. പാക് ചാരവൃത്തി വെളിപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും സമാനമായ ആരോപണം പാകിസ്ഥാന് ഉന്നയിക്കുകയായിരുന്നു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. ഇതോടെയാണ് എട്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയ്ക്ക് തിരിച്ചുവിളിക്കേണ്ടിവന്നത്.
ചാരപ്രവര്‍ത്തനം ആരോപണം നേരിടുന്ന പാക് നയതന്ത്ര ഉദ്യോഗസ്ഥരുമായി വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി വിട്ടതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരായ ചാരപ്രവര്‍ത്തനം ആരോപണം പാക് മാധ്യമങ്ങളില്‍ നിറഞ്ഞു. രാജേഷ് അഗ്നിഹോത്രി, ബല്‍ബീര്‍ സിങ് എന്നിവരുടെ പേരുകളാണ് ആരോപണവുമായി ബന്ധപ്പെട്ട് പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ ഏജന്‍സികളായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയ്ക്കുവേണ്ടി ഉദ്യോഗസ്ഥര്‍ ചാരവൃത്തി നടത്തുന്നുവെന്നാണ് പാകിസ്ഥാന്റെ ആരോപണം. നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയും പിന്‍വലിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളാക്കും. ഒരു കോണ്‍സുലര്‍, രണ്ട് ഫസ്റ്റ് സെക്രട്ടറിമാര്‍, ഒരു അറ്റാഷെ, നാല് അസിസ്റ്റന്റുമാര്‍ എന്നിവരെയാണ് ഇന്ത്യ തിരിച്ചുവിളിക്കാന്‍ ഒരുങ്ങുന്നത്. ദിവസങ്ങള്‍ക്കകം ഇവരെ ഇന്ത്യയിലെത്തിക്കും.
ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനായ മെഹ്മൂദ് അക്തറിനെ രഹസ്യ രേഖകളുമായി പിടികൂടിയതിന് പിന്നാലെയാണ് പാക് ചാരശൃംഖലയെപ്പറ്റി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്. അക്തറിനെ ഇന്ത്യ തിരിച്ചയച്ചു. ചാരവൃത്തി നടത്തുന്ന കൂടുതല്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ അക്തര്‍ വെളിപ്പെടുത്തിയതോടെയാണ് ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താന് പിന്‍വലിക്കേണ്ടിവന്നത്.
Discussion about this post