വാഷിങ്ടണ്‍: അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഡൊണള്‍ഡ് ട്രംപ് ആദ്യമായി വൈറ്റ്ഹൗസിലെത്തി. അമേരിക്കന്‍ സമയം വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഓവല്‍ ഓഫീസില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ന്യൂയോര്‍ക്കില്‍നിന്ന് തന്റെ സ്വകാര്യവിമാനത്തില്‍ വാഷിങ്ടണിലെ റീഗന് നാഷനല്‍ വിമാനത്താവളത്തില്‍ ഇറങ്ങി വൈറ്റ്ഹൗസിലെത്തിയ ട്രംപിനെ, പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഓവല്‍ ഓഫിസില്‍ ഇരുവരും സൗഹൃദ കൂടിക്കാഴ്ച നടത്തി. ഭാര്യ മെലാനിയ, വൈസ് പ്രസിഡന്റ് മൈക് പെന്‍സ് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു.
അധികാരക്കൈമാറ്റത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് ഇരുവരും കണ്ടുമുട്ടിയത്. ജനവരി 20നാണ് അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറുക. തിരഞ്ഞെടുപ്പുസമയത്ത് ഇരുവരും തമ്മിലുണ്ടായ വാക്പോരുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒബാമയുടെ ജന്മസ്ഥലം അമേരിക്കയല്ലെന്ന് വാദിക്കുന്നവരുടെ സംഘടനയിലെ സജീവാംഗമായിരുന്നു ട്രംപ്. പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ ട്രംപിന് യോഗ്യതയില്ലെന്ന ഒബാമയുടെ പരാമര്‍ശവും ഏറെ ചര്‍ച്ച ചെയ്തിരുന്നു. വൈറ്റ് ഹൗസിലെത്തിയ ട്രംപിന്റെ ഭാര്യ മെലാനിയയുമായി മിഷേല്‍ ഒബാമയും പ്രത്യേകം ചര്‍ച്ചനടത്തി.
അതിനിടയില്‍, തിരഞ്ഞെടുപ്പിനുശേഷം ഒബാമ വൈറ്റ്ഹൗസിലെ ജീവനക്കാരെ അഭിസംബോധനചെയ്ത് സംസാരിച്ചു. തോല്‍വിയെക്കുറിച്ച് പറഞ്ഞ ഒബാമ നാമെല്ലാവരും അമേരിക്കക്കാരാണ്, രാജ്യസ്നേഹികളാണ്, രാജ്യത്തിന്റെ മികവാണ് നാം ആഗ്രഹിക്കുതെന്നും ഓര്‍മിപ്പിച്ചു. ഒബാമയുടെ വാക്കുകള്‍ നിറകണ്ണുകളോടെയാണ് ജീവനക്കാര്‍ സ്വീകരിച്ചത്.
Discussion about this post