അഖിലേന്ത്യാ ജനങ്ങളേ..! ഒരു ബീഫ് ഉത്സവം വരുന്നുണ്ട് ട്ടോ..! എല്ലാവരും ബഹളമുണ്ടാക്കാതെ കയ്യു കഴുകി നാക്കിലയ്ക്ക് മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുക., ഉടനെ വിളമ്പ് തുടങ്ങും..!! ബീഫ് വച്ചതും വറുത്തതും ഉലര്‍ത്തിയതുമൊക്കെയായി പലവിധ വിഭവങ്ങളുണ്ടാകും. ഒന്നും വിട്ടുകളയാതെ വയറുനിറയെ തട്ടിക്കോണം..പറഞ്ഞില്ലെന്നു വേണ്ടാ..!!
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ബീഫ് നിരോധിച്ചു എന്ന് കേട്ടപ്പോള്‍ മറാത്തയിലെ അവശിഷ്ട സി.പി.എമ്മിനില്ലാത്ത വിഷമവും സങ്കടവുമാണ് ഇങ്ങ് കേരളത്തിലെ യുവനേതാവിന് ഉണ്ടായതത്രേ.പാവം മറാത്തക്കാര്‍ക്ക് ഇനി മേലാല്‍ പശുവിറച്ചി തിന്നാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് വാളയാറിനിപ്പുറം ആ പിഞ്ചുമനസ്സ് വല്ലാതെ തേങ്ങി. സ്വന്തം മണ്ഡലത്തില്‍പ്പെട്ട അട്ടപ്പാടിയിലെ കുട്ടികള്‍ ആഹാരമില്ലാതെ വലയുന്ന കാഴ്ചയേക്കാള്‍ സഖാവിനെ വേദനിപ്പിച്ചത് മറാത്തയുടെ രോദനമാണ്…!! പക്ഷെ എത്രയൊക്കെ വിഷമം ഉണ്ടായതിന്റെ പേരിലായാലും അതിന്റെ പേരില്‍ പ്രഖ്യാപിച്ച ഈ അഖിലേന്ത്യാ സമരം ഇച്ചിരി കടന്നു പോയി ട്ടോ…!!
പറഞ്ഞു കേള്‍ക്കുന്നത് ഇന്ത്യയില്‍ ആദ്യമായി മാട്ടിറച്ചി നിരോധിച്ചത് ഈ മഹാരാഷ്ട്രയിലല്ല എന്നാണ്. ഏകദേശം 24 സംസ്ഥാനങ്ങളില്‍ ഇതിനോടകം ഈ പറഞ്ഞ കലാപരിപാടി നടന്ന കാര്യം സഖാവ് അറിയാഞ്ഞത് കഷ്ടമായിപ്പോയി. ആ സംസ്ഥാനങ്ങളിലെ സഖാക്കള്‍ ഈ വിവരം ഇതുവരെ പറഞ്ഞുതന്നില്ലേ..?! ആരവിടെ..?വിളിക്ക് പോളിറ്റ് ബ്യൂറോ യോഗം..!! ഇതിപ്പോള്‍ മഹാരാഷ്ട്രവും ഇന്ത്യാമഹാരാജ്യവും ഭരിക്കുന്നത് ബി.ജെ.പിയായിപ്പോയില്ലേ..! അപ്പോള്‍പ്പിന്നെ അഖിലേന്ത്യാ ബീഫ് സദ്ദ്യ നടത്താന്‍ ഇതല്ലാതെ വേറെ ഏത് ബെസ്റ്റ് ടൈം അല്ലേ.?!!!
അപ്പൊ സഖാവേ ഒരു സംശയം..അഖിലേന്ത്യാ തലത്തില്‍ ഇമ്മാതിരി സംഭവമൊക്കെ തട്ടിക്കൂട്ടാനുള്ള ആവത് മ്മടെ സംഘടനയ്ക്ക് ഉണ്ടോ..? ചുമ്മാ സംശയിക്കുന്നതല്ലാ ട്ടോ.. അത്രയ്ക്ക് ആള്‍ക്കൂട്ടമൊക്കെ ഈ പറഞ്ഞ അഖിലേന്ത്യാസംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നേല്‍ ഈ നിരോധനവാര്‍ത്ത പണ്ടേ സഖാവിന്റെ ചെവിയിലെത്തെണ്ടതായിരുന്നില്ലേ..! ഇവരെയൊക്കെ വിശ്വസിച്ച് രാജമാണിക്യം ശൈലിയില്‍ പത്തുമുപ്പത് ചെമ്പ് പോത്തു കറിയൊക്കെ ഉണ്ടാക്കി അഖിലേന്ത്യയിലോട്ട് ചെന്നാല്‍ കഴിക്കാന്‍ ആളില്ലാത്ത അവസ്ഥ വരുമോ…? കഴിക്കാന്‍ ആളുകള്‍ വരുമെന്നു വിശ്വസിക്കാം..!!പക്ഷെ വിളമ്പാന്‍ ഒന്നുരണ്ടു പേരെങ്കിലും വേണ്ടേ..? അതിനുള്ള പാങ്ങൊക്കെ ഈ പറഞ്ഞ അഖിലേന്ത്യയിലുണ്ടോ..? ഇനിയിപ്പോള്‍ സഖാവ് അഖിലേന്ത്യാ എന്ന് ഉദ്ദേശിച്ചത് തലശ്ശേരി, തളിപ്പറമ്പ്, കൂത്തുപറമ്പ്, പാനൂര്‍ എന്നീ സംസ്ഥാനങ്ങളെ ഉദ്ദേശിച്ചാണോ..?!! അതും അറിയില്ല. അനിശ്ചിതകാലം എന്ന് പറഞ്ഞാല്‍ മുപ്പത് മണിക്കൂര്‍ ആണെന്ന് കേരളീയര്‍ക്ക് മനസ്സിലാക്കിക്കൊടുത്ത ആളുകളല്ലേ.. അങ്ങനെയും വരാം…!!
സഖാവേ, വേറൊരു ചൂട് വാര്‍ത്ത..!! ബീഫ് നിരോധിച്ച ഫാസിസ്റ്റ് ഭരണകൂടം മഹാരാഷ്ട്രയില്‍ പൊതുനിരത്തില്‍ പരസ്യമായി തുപ്പുന്നത് നിരോധിച്ചിരിക്കുന്നുവത്രേ. അടിപൊളി..! അപ്പൊ എങ്ങനെയാ.! ബീഫ് സദ്യകഴിഞ്ഞു, പരസ്യമായി വായകഴുകിത്തുപ്പല്‍ കൂടി പ്രഖ്യാപിച്ചാലോ..?! ഒരു വെടിയ്ക്ക് രണ്ടു പക്ഷി എന്നൊക്കെ പറയുന്നത് പോലെ ഒരു പ്ലേറ്റില്‍ രണ്ടു സമരം…!
Discussion about this post