അഞ്ഞൂറ്, ആയിരം നോട്ടുകള്‍ പിന്‍വലിച്ച് നിര്‍ണായക തീരുമാനമെടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോകരാജ്യങ്ങള്‍ പ്രശംസിക്കുന്നതിനിടെ കറന്‍സികളില്‍ നിന്ന് പൂര്‍ണമായും വിടുതല്‍ നേടാന്‍ ഒരുങ്ങുന്ന സ്വീഡന്റെ മുന്നേറ്റം പരിശോധിക്കുകയാണ് ഇന്ത്യന്‍ ജനത. നോട്ട് പരിഷ്ക്കരണം സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി എന്ന പരാതി വ്യാപകമാകുന്നവരോട് സ്വീഡനും ചിലത് പറയാനുണ്ട്. കറന്‍സികളുടെ കാലം കഴിഞ്ഞുവെന്നും, ഇനി ഡിജിറ്റല്‍ മണിയുടെ കാലമാണെന്നും സ്വീഡന്‍കാര്‍ അടിവരയിട്ട് പറയുന്നു.
കറന്‍സി നോട്ടുകള്‍ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സ്വീഡന് നീങ്ങി തുടങ്ങിയിട്ട് അധികകാലമായില്ല. പക്ഷേ വളരെ പെട്ടെന്ന് തന്നെ അവര്‍ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൂര്‍ണമായും കറന്‍സി രഹിതമായ സമ്പദ്വ്യവസ്ഥയായി മാറുന്ന സ്വീഡനില്‍ ഇന്ന് കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്നവര്‍ വളരെ കുറവാണ്. സ്വീഡനിലെ യുവതലമുറ കറന്‍സി നോട്ട് കൈകൊണ്ട് തൊടുന്നതു തന്നെ ആപൂര്‍വം. കടകളിലൊന്നും കറന്‍സി നോട്ടുകള്‍ സ്വീകരിക്കില്ല.
സ്വീഡനിലെ സെന്‍ട്രല്‍ ബാങ്കിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം സ്വീഡനില്‍ നടന്ന മുഴുവന്‍ പണമിടപാടുകളുടെയും രണ്ടു ശതമാനം മാത്രമാണ് കറന്‍സി മുഖേന നടന്നത്. സ്വീഡനില്‍ ആകെയുള്ള 1600 ബാങ്ക് ശാഖകളില്‍ 900 എണ്ണം പേരിനു പോലും കറന്‍സി നോട്ടുകള്‍ സൂക്ഷിക്കാറില്ല. നാട്ടിന്‍പുറങ്ങളില്‍പോലും എടിഎമ്മുകള്‍ ഇല്ല. അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വീഡന് നോട്ടുകളെയും നാണയങ്ങളെയും പടിയടച്ചു പുറത്താക്കും എന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ വിലയിരുത്തല്‍. സിംഗപ്പൂരും കേന്ദ്രീകൃത ബാങ്കിംഗ് സംവിധാനത്തിലേക്ക് മാറിയിരുന്നു. ഇന്ത്യയും ഇതേ വഴിക്കു നീങ്ങുകയാണെന്നാണ് ലോകസാമ്പത്തീക വിദഗ്ധര്‍ വിലയിരുത്തുന്നത്. അതേസമയം ഇന്ത്യയെ സംബന്ധിച്ച് ഇത് എത്ര എളുപ്പമല്ല. ഭൂരിപക്ഷത്തിനും ബാങ്ക് അക്കൗണ്ട് ആയത് ഈയിടെയാണ്. ഡിജിറ്റല്‍ രംഗത്തും വലിയ മുന്നേറ്റം തന്നെ ഇന്ത്യ നടത്തേണ്ടി വരും. എന്നാല്‍ സ്വഭാവികമായും അതെല്ലാം നടക്കുമെന്നാണ് വിലയിരുത്തല്‍. ഡിജിറ്റല്‍ രംഗത്തേക്ക് അതിന് കഴിവുള്ളവര്‍ പതുക്കെ മാറി കൊണ്ടിരിക്കുകയാണ്. പതുക്കെ എല്ലാവരും ആ മാര്‍ഗ്ഗത്തിലേക്ക് എത്തുമെന്നാണ് കണക്ക് കൂട്ടല്‍. ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ താരതമ്യേന സുഗമമായതിനാല്‍ യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്.
സ്വീഡനില്‍ 98 ശതമാനം പണമിടപാടുകളും കാര്‍ഡ് അല്ലെങ്കില്‍ ഫോണ്‍ വഴിയാണ് നടക്കുന്നത്. ആരാധനാലയങ്ങള്‍ പോലും ഭക്തജനങ്ങളുടെ സംഭാവന, കാര്‍ഡ് – ഫോണ്‍ പേമെന്റ് സംവിധാനങ്ങള്‍ വഴിയേ സ്വീകരിക്കൂ. യാചകര്‍ക്ക് പണം നല്കുന്ന കാര്‍ഡ് വഴിയാണ്. കള്ളപ്പണം പൂര്‍ണമായും ഇല്ലാതാക്കുന്ന ബാങ്കിംഗ് കേന്ദ്രീകൃത പണമിടപാടുകള്‍ സ്വീഡനെ ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യമാക്കി മാറ്റി. സാമ്പത്തീക രംഗത്തും രാജ്യം വലിയ കുതിച്ച് ചാട്ടത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു.
Discussion about this post