പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാമെന്ന വിചിത്ര നിയമം പാസാക്കാനൊരുങ്ങി തുര്‍ക്കി. ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ വോട്ടിനിടും. ഇസ്ലാമിസ്റ്റ് സര്‍ക്കാരിന്റെ നിയമത്തിനെതിരെ മതേതര രാഷ്ട്രമായ തുര്‍ക്കിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും ബാലവിവാഹങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വിചിത്രമായൊരു നിയമം കൊണ്ടുവരാന്‍ തുര്‍ക്കി സര്‍ക്കാര്‍ ഒരുങ്ങുന്നത്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിന് എംപിമാരുടെ പിന്തുണ ലഭിച്ചു. ബില്‍ ചൊവ്വാഴ്ച വോട്ടിനിടും. നവംബര്‍ 11 വരെയുള്ള കേസുകള്‍ക്ക് മാത്രമായിരിക്കും നിയമം ബാധകമാകുക. ഭീഷണിപ്പെടുത്തിയോ നിര്‍ബന്ധപൂര്‍വ്വമോ അല്ലാത്ത പീഡനങ്ങളില്‍, ഇരയെ വിവാഹം ചെയ്യാന്‍ തയാറാകുന്നവരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കും. സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
എന്നാല്‍ പീഡനക്കേസില്‍ നിയമപരമായ വിവാഹത്തിന് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രസിഡന്റ് തയിബ് എര്ദോഗന് പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ തുര്‍ക്കിയില്‍ സ്ത്രീകള്‍ക്കെതിരായ പീഡനം 40ശതമാനം വര്‍ദ്ധിച്ചതായാണ് കണക്ക്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം പീഡിപ്പിച്ച കേസുകളില്‍ 3000ത്തോളം പേരാണ് വിചാരണ നേരിടുന്നത്.
Discussion about this post