ഡല്‍ഹി: പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ വ്യോമസേനയെ ഉപയോഗിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കാനാണ് ഹോലികോപ്റ്ററുകളും വ്യോമസേനാ വിമാനങ്ങളും ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമായത്. നിലവില്‍ നോട്ടുകള്‍ പ്രിന്റ് ചെയ്യുന്ന പ്രസുകളില്‍ നിന്ന് പണം ബാങ്കുകളില്‍ എത്തിക്കാന്‍ 21 ദിവസമെടുക്കും. വിമാനങ്ങള്‍ ഉപയോഗിക്കുന്നതോടെ ഇത് ആറ് ദിവസമായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പുതിയ നോട്ടുകള്‍ പ്രധാന വിതരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ഹോലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിക്കാനാണ് നീക്കം.
നഗരങ്ങളില്‍ അടുത്ത അഴ്ചയോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തില്‍ ഗ്രാമങ്ങളിലേക്ക് പണമെത്തിക്കാനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനവരി 15 ആകുമ്പോഴേക്കും എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ. നോട്ട് പിന്‍വലിക്കലിലൂടെ വലിയ നേട്ടമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ വിതരണം ചെയ്ത പഴയ 500, 1000 നോട്ടുകളില്‍ ഭൂരിഭാഗവും തിരികയെത്തില്ലെന്നും അത് രാജ്യത്തിന് നേട്ടമാകുമെന്നും വിലയിരുത്തപ്പെടുന്നു. 1978-ല്‍ നോട്ട് പിന്‍വലിക്കല്‍ നടത്തിയപ്പോള്‍ 20 ശതമാനം നോട്ടുകള്‍ തിരികെയെത്തിയിരുന്നില്ല. ഇതിനേക്കാള്‍ അധികമാകും ഇത്തവണ എന്നാണ് കരുതുന്നത്. ഇത്തരത്തില്‍ ഉണ്ടാകുന്ന നേട്ടം ദേശീയ ബാങ്കുകളുടെ മൂലധന വര്‍ധനവ്, അടിസ്ഥാന സൗകര്യ വികസനം, സൈന്യത്തിന് പുതിയ ആയുധങ്ങള്‍ എന്നിവയ്ക്കായി വിനിയോഗിക്കാമെന്നാണ് വിലയിരുത്തല്‍.
Discussion about this post