ന്യൂഡൽഹി: ട്വന്റി 20 ലോകകിരീടവുമായി രാജ്യതലസ്ഥാനത്ത് എത്തിയ ഇന്ത്യൻ ടീമിനൊപ്പം സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ എത്തിയ ഇന്ത്യൻ ടീം പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചിരുന്നു. ഈ അവസരത്തിലാണ് ടീമംഗങ്ങളോട് കുശലം പറഞ്ഞും അവർക്കൊപ്പം തമാശകൾ പൊട്ടിച്ചും പ്രധാനമന്ത്രി സമയം ചിലവഴിച്ചത്.
കളിക്കാരോട് കുശലം പറയവെ, ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹലിനെ ചെറുതായൊന്ന് ട്രോളാനും പ്രധാനമന്ത്രി സമയം കണ്ടെത്തി. എന്താ ഇത്ര ഗൗരവം, താൻ ആള് കൊള്ളാമല്ലോ എന്ന പ്രധാനമന്ത്രിയുടെ കമന്റ് വന്നതും പരിശീലകൻ രാഹുൽ ദ്രാവിഡും ക്യാപ്ടൻ രോഹിത് ശർമ്മയും ഉൾപ്പെടെയുള്ളവർ ആർത്ത് ചിരിച്ചു. പ്രധാനമന്ത്രിയും ചാഹലും കൂട്ടച്ചിരിയിൽ പങ്കാളികളായി.
സാഹചര്യം ഏതായാലും എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഹരിയാനക്കാർ. എന്താ താൻ പറഞ്ഞത് ശരിയല്ലേയെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന്, ചിരിച്ചു കൊണ്ട് അതേയെന്ന് ചാഹൽ മറുപടി നൽകി.
തുടർന്ന്, ലോകകിരീടം സ്വീകരിക്കാൻ നേരം രോഹിത് ശർമ്മ നടത്തിയ പ്രത്യേക രീതിയിലുള്ള ആഹ്ലാദ പ്രകടനത്തെ കുറിച്ച് പ്രധാനമന്ത്രി ചോദിച്ചു. ടീമംഗങ്ങളുടെ ആവശ്യ പ്രകാരമാണ് താൻ അങ്ങനെ ചെയ്തതെന്ന് രോഹിത് ശർമ്മ പറഞ്ഞപ്പോൾ, ചാഹലിനെ ചൂണ്ടി, ‘എന്താ, എല്ലാം ഇയാളുടെ പണിയാണോ?‘ എന്ന് തമാശ രൂപേണ പ്രധാനമന്ത്രി ചോദിച്ചു. തുടർന്ന് അവിടെ മുഴങ്ങിയ കൂട്ടച്ചിരിയിൽ ആഹ്ലാദത്തോടെ പ്രധാനമന്ത്രിയും സ്വതസിദ്ധമായ നാണത്തോടെ ചാഹലും പങ്ക് ചേർന്നു.
Discussion about this post