തിരുവനന്തപുരം: എം എം മണിയുടെ മന്ത്രിസ്ഥാനത്തെ തുടര്‍ന്ന് സിപിഎമ്മില്‍ ആഭ്യന്തര കലഹം. യുഡിഎഫ് ഭരണകാലത്ത്, കോടിയേരി ബാലകൃഷ്ണന് ഭാര്യാ സഹോദരനും ഭാര്യാ സഹോദരിക്കും വഴിവിട്ട നിയമനം വാങ്ങി നല്‍കിയതായി പി.കെ. ശ്രീമതി ആരോപണമുയര്‍ത്തി. കോടിയേരിയുടെ ഭാര്യാ സഹോദരന് വിനയനും ഭാര്യാ സഹോദരി ലില്ലിക്കും പി കെ കുഞ്ഞാലിക്കുട്ടിയെ സ്വാധീനിച്ച് വഴിവിട്ട നിയമനം നടത്തിക്കൊടുത്തെന്നാണ് ആരോപണം. ഇതിനെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കണമെന്നും ശ്രീമതി സിപിഎം സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടു.
നിയമം എല്ലാവര്ക്കും ബാധകമാണെന്ന് ഇ.പി.ജയരാജനും വ്യക്തമാക്കി. ജയരാജന് സംസ്ഥാന സമിതി യോഗത്തില്‍ നിന്നും വിട്ടു നിന്നാണ് പ്രതിഷേധിച്ചത്. ഇതോടെ എംഎം മണിയെ മന്ത്രിയാക്കിയതില്‍ പാര്‍ട്ടിയിലെ അമര്‍ഷം പരസ്യമായ പ്രതിഷേധത്തിലെത്തിയിരിക്കുകയാണ്. സിപിഎമ്മിന്റെ കണ്ണൂര്‍ ലോബിയില്‍ ശക്തമായ ധ്രുവീകരണം നടക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.
പിണറായി വിജയന്റെ തീരുമാനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നില്ക്കുമ്പോള് രണ്ടാം നിര നേതാക്കള്‍ക്ക് ഇതില്‍ അമര്‍ഷമുണ്ട്. കണ്ണൂര്‍ ലോബിയിലെ ശക്തനായ നേതാവ് ഇ പി ജയരാജന് പുറത്ത് പോയപ്പോള്‍ മന്ത്രിസ്ഥാനം കണ്ണൂരില്‍ നിന്നുള്ള ആര്‍ക്കും നല്കാഞ്ഞതില് അതൃപ്തി ഉയരുന്നുണ്ട്.
പി ജയരാജന്, ഇ പി ജയരാജന്, പി കെ ശ്രീമതി, എം വി ഗോവിന്ദന് മാസ്റ്റര്‍, എം വി ജയരാജന് തുടങ്ങിയ നേതാക്കള്‍ ഒരു ഭാഗത്തും പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന് തുടങ്ങിയവര്‍ മറുഭാഗത്തുമായാണ് ധ്രുവീകരണം നടക്കുന്നത്. എം എം മണിയുടെ മന്ത്രിസ്ഥാനത്തോടെ പാര്‍ട്ടിയിലെ അവസാന വാക്ക് താന്‍ തന്നെയാണെന്ന് പിണറായി വിജയന് ഒന്നു കൂടി ഉറപ്പിച്ചിരിക്കുകയാണ്.
Discussion about this post