തൃശൂര്‍: നിലമ്പൂര്‍ വനമേഖലയില്‍ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളുടെ സങ്കേതത്തില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങള്‍ കശ്മീരില്‍ ഭീകരവാദസംഘടനകള്‍ ഉപയോഗിക്കുന്നവയെന്ന് റിപ്പോര്‍ട്ട്. പോലീസും രഹസ്യാന്വേഷണവിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് കശ്മീര്‍ ഭീകരവാദസംഘടനകളില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ആയുധങ്ങള്‍ ലഭിക്കുന്നുണ്ട് എന്നതിന്റെ തെളിവാണിത്. ഏറ്റുമുട്ടല്‍ നടന്ന നിലമ്പൂര്‍ കരുളായി വനത്തിലെ ടെന്റുകളില്‍ നിന്ന് ലഭിച്ച പിഎ റൈഫിളുകളാണ് കശ്മീര്ബന്ധം വ്യക്തമാക്കുന്നത്.
കശ്മീരില്‍ സൈന്യത്തിനുനേരെ ലഷ്കറെ ത്വയ്ബ ഭീകരര്‍ ഉപയോഗിക്കുന്ന പമ്പ് ആക്ഷന്‍ റൈഫിളാണ് പിഎ റൈഫിള്‍ എന്നറിയപ്പെടുന്നത്. ഒരേസമയം പന്ത്രണ്ട് വെടിയുണ്ടകള്‍ ഉതിര്‍ക്കാന്‍ ശേഷിയുള്ളവയാണ് പിഎ റൈഫിളുകള്‍. ഇവയില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളുടെ വന്‍ശേഖരവും ലഭിച്ചിട്ടുണ്ട്. പാകിസ്ഥാന് നിര്‍മിത റൈഫിളുകളാണിവ. പിഎ റൈഫിളുകള്‍ മാവോയിസ്റ്റ് കേന്ദ്രത്തില്‍ എങ്ങനെയെത്തി എന്നതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആയുധങ്ങള്‍ക്കു പുറമെ മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ പാക്-നിര്‍മിത ഇന്ത്യന്‍ വ്യാജ കറന്‍സിയും വന്‍തോതില്‍ എത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് മാറ്റമാണ് അടുത്തകാലത്ത് ഇതിന് തടയിട്ടത്. ലഭ്യമാകുന്ന സൂചനകളനുസരിച്ച് ലഷ്കറെ ത്വയ്ബയും ഐഎസ്ഐയും വന്‍തോതില്‍ പിഎ റൈഫിളുകള്‍ മാവോയിസ്റ്റുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
അനധികൃത ആയുധക്കടത്ത് നടക്കുന്നത് ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തി വഴിയാണെന്ന് ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് ആദ്യം ഇവ എത്തിക്കുക. അവിടെനിന്ന് കച്ചവടക്കാരുടേയും ഗ്രാമീണരുടേയും സഹായത്തോടെയാണ് ആയുധക്കടത്ത്. പശ്ചിമബംഗാള്‍ അതിര്‍ത്തിവഴിയാണ് ഏറെയും ആയുധങ്ങള്‍ കടത്തുന്നത്. ഇങ്ങനെ കടത്തുന്ന ആയുധങ്ങള്‍ ഛത്തീസ്ഗഢിലും ജാര്‍ഖണ്ഡിലുമുള്ള മാവോയിസ്റ്റ് കേന്ദ്രങ്ങളിലേക്കെത്തുന്നു.
മുസ്ലിം ഭീകരവാദികളും മാവോയിസ്റ്റുകളും തമ്മിലുള്ള കൂട്ടുകെട്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധികേന്ദ്രം പാക് ചാരസംഘടനയായ ഐഎസ്ഐയുടേതാണ്. ചൈനീസ് സര്‍ക്കാരിന്റെ മൗനാനുവാദവും ഇതിനുണ്ടെന്നാണ് മിലിട്ടറി ഇന്റലിജന്റ്സ് വൃത്തങ്ങള്‍ നല്കുന്ന സൂചന. നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ പോലീസിനുനേരെ വെടിയുതിര്‍ത്തതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ടെണ്ടിനുള്ളില് നിന്ന് കണ്ടെടുത്ത ഒരു പിഎ റൈഫിളില്‍ നിന്ന് എട്ട് വെടിയുണ്ടകള്‍ ഉപയോഗിച്ചതായാണ് വ്യക്തമായിട്ടുള്ളത്. ഏറ്റുമുട്ടല്‍ നടന്നുവെന്ന വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്.
Discussion about this post