ഡല്‍ഹി: 500, 1000 നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിനു ശേഷം മൂന്ന് അക്കൗണ്ടുകളിലായി 40 കോടി രൂപ നിക്ഷേപിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. ഡല്‍ഹിയിലെ ആക്സിസ് ബാങ്കിന്റെ കശ്മീര്‍ ഗേറ്റ് ശാഖയിലാണ് പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിച്ച് ഇത്രയും വലിയ തുക വെളുപ്പിക്കാനുള്ള ശ്രമം നടന്നത്.
നവംബര്‍ 11നും 22നും ഇടയിലായി 40 കോടിയുടെ അസാധു നോട്ടുകള്‍ ബാങ്ക് സമയത്തിന് ശേഷം ബാങ്ക് മാനേജര്‍മാരുടെ സഹായത്തോടെയാണ് നിക്ഷേപിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കഴിഞ്ഞ മൂന്നു ദിവസമായി ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേണത്തിനോടുവിലാണ് അക്കൗണ്ടിലൂടെ എത്തിയ വന്‍തുക കണ്ടെത്തിയത്. അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുക ബാങ്കില്‍നിന്ന് പിടിച്ചെടുത്തു.
അതേസമയം, തലസ്ഥാന നഗരിയിലെ ജൂവല്ലറി വ്യാപാരികളും മറ്റും പഴയ നോട്ടുകള്‍ മാറ്റാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പഴയ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ മാറ്റിക്കൊടുക്കുന്ന വന്‍ശൃംഖല രൂപപ്പെട്ടിട്ടുള്ളതായും അന്വേഷണ സംഘത്തിന് ബോധ്യമായി. ഇത്തരം കള്ളപ്പണ ഇടപാടുകളില്‍ തലസ്ഥാനത്തെ കൂടുതല്‍ ബാങ്കുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തിന്റെ ബലത്തില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കി.
Discussion about this post