തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച സ്ത്രീകള്‍ പ്രവേശിപ്പിക്കുന്നതിന് വീണ്ടും വിലക്ക്. ചില സംഘടനകള്‍ ഇതിനെതിരായി നടത്തിയ സമരത്തെ തുടര്‍ന്നാണ് ക്ഷേത്ര ഭരണസമിതി ചെയര്മാന് കൂടിയായ ജില്ലാ ജഡ്ജി, എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് തല്ക്കാലം മരവിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്.
ഇന്ന് പുലര്‍ച്ചയോടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്ത്രീകളില്‍ ചുരിദാര്‍ ധരിച്ചവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചില സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തുകയും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നട ഉപരോധിക്കുകയും ചെയ്തു. സംഘടനാ പ്രതിനിധികള്‍ ഭരണസമിതി ചെയര്‍മാനെ കണ്ടതിനെ തുടര്‍ന്നാണ് തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ചുരിദാറിട്ട് പ്രവേശിക്കുന്നത് ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇതിന് അനുവദിക്കില്ലെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. കേരള ബ്രാഹ്മണസഭ, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ഭക്തസംഘടനകളുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ ഹൈക്കോടതി എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. റിയാ രാജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തുടര്‍ന്നാണ് ക്ഷേത്രം ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ കെ. എന്‍ സതീഷ് ഇന്നലെ ഉത്തരവിറക്കിയത്.
എന്നാല്‍, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷിന്റെ തീരുമാനത്തോട് യോജിപ്പില്ലെന്ന് ഭരണസമിതി അറിയിച്ചിരുന്നു. എക്സിക്യൂട്ടീവ് ഓഫീസറുടെ തീരുമാനത്തെ ഭരണസമിതി നേരത്തെ തന്നെ തള്ളുകയും ചെയ്തിരുന്നു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാന്‍ അനുമതി നല്‍കികൊണ്ട് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ഇന്നലെ തീരുമാനം അറിയിച്ചിരുന്നു. ചുരിദാറിന് മുകളില്‍ മുണ്ട് ധരിക്കണമെന്ന ക്ഷേത്രം ഭാരവാഹികള്‍ പുറപ്പെടുവിച്ചിരുന്ന ഉത്തരവിനെതിരെ റിയാ രാജിയെന്ന അഭിഭാഷകയാണ് ഹൈക്കോടതിയെ സമീപിച്ചത്. റിയയുടെ റിട്ട് ഹര്‍ജി സെപ്റ്റംബര്‍ 29ന് പരിഗണിച്ച കേരള ഹൈക്കോടതി, ഇക്കാര്യത്തില്‍ ഭക്തരുടെ അഭിപ്രായമാരാഞ്ഞ ശേഷം തീരുമാനമെടുക്കാന്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ചുരിദാര്‍ ഇട്ട് ക്ഷേത്രത്തില്‍ കയറാമെന്ന അനുകൂല തീരുമാനം കൈക്കൊണ്ടത്.
Discussion about this post