ഡല്‍ഹി: നോട്ട് പിന്‍വലിക്കലിന് ശേഷം രാജ്യത്ത് പുതുതായി തുറന്ന ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. മൂന്ന് ആഴ്ചകൊണ്ട് 30 ലക്ഷം അക്കൗണ്ടുകളാണ് വിവിധ ബാങ്കുകളിലായി തുടങ്ങിയത്. ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ ഉപഭോക്താക്കളില്‍ ഏറെയും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയ്ക്കാണ് ലഭിച്ചിരിക്കുന്നത്. പുതിയ അക്കൗണ്ടുകളില്‍ മൂന്നില്‍ ഒന്ന് ശതമാനവും എസ്ബിഐയിലാണ്. ദിവസവും 50, 000 അക്കൗണ്ടുകള്‍ എസ്ബിഐയില്‍ തുറക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നോട്ട് നിരോധനത്തിന് ശേഷം 11.82 ലക്ഷം അക്കൗണ്ടുകളാണ് എസ്ബിഐയില്‍ തുറന്നിരിക്കുന്നതെന്ന് എസ്ബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ മഞ്ജു അഗര്‍വാളിനെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ദിവസവും 50,000 ത്തോളം അക്കൗണ്ടുകളാണ് ഞങ്ങള്‍ തുറക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ആളുകളും അക്കൗണ്ട് തുറന്നവരില്‍ ഉണ്ട്. വിദൂര വില്ലേജുകളില്‍ അക്കൗണ്ട് തുറക്കുന്നതിന് ഞങ്ങളുടെ ബിസിനസ് കറസ്പോണ്ടന്റ്സ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്’. മഞ്ജു അഗര്‍വാള്‍ വ്യക്തമാക്കുന്നു.
ഫാക്ടറികള്‍, എസ്റ്റേറ്റുകള്‍, ഹോസ്പിറ്റലുകള്‍, ഹൗസിങ് സൊസൈറ്റികള്‍ എന്നിവിടങ്ങളില്‍ ക്യാംപ് ചെയ്താണ് ബാങ്കുകള്‍ ജനങ്ങളെക്കൊണ്ട് അക്കൗണ്ട് എടുപ്പിക്കുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ സാമ്പത്തിക വിനിമയം പൂര്‍ണമായും കറന്‍സി രഹിതമാക്കുന്നതിന്റെ ചുവടുവെപ്പുകൂടിയാണിത്.
അതേസമയം, ഈ അക്കൗണ്ടുകളില്‍ ഭൂരിഭാഗവും നോട്ടുകള്‍ മാറിയെടുക്കുന്നതിന് വേണ്ടി മാത്രം തുടങ്ങിയതാകാമെന്നും ഇതി കഴിയുന്നതോടെ അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാകുമെന്നും മുതിര്‍ന്ന ബാങ്ക് ഓഫീസര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യം സാധ്യമാക്കാനായി കേന്ദ്രസര്‍ക്കാര്‍ ജന്‍ധന്‍ യോജന എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. 2016 മാര്‍ച്ചിലെ കണക്ക് പ്രകാരം രാജ്യത്തെ 53 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ബാങ്ക് അക്കൗണ്ട് ഉള്ളത്.
Discussion about this post