തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയില്‍ സിനിമയ്ക്കു മുമ്പ് ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന ഡെലിഗേറ്റുകളെ അറസ്റ്റു ചെയ്യേണ്ടിയിരുന്നില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. ഈ വിഷയത്തില്‍ പൊലീസ് സംയമനം പാലിക്കണമായിരുന്നെന്നും കമല്‍ പറഞ്ഞു. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. ഒരേ ദിവസം പല സിനിമകള്‍ കാണുന്നവര്‍ എല്ലാ ഷോയ്ക്കും എഴുന്നേറ്റ് നില്‍ക്കണമെന്നത് നിര്‍ഭാഗ്യകരമാണ്. ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തതിനെ കുറിച്ച് പരാതി നല്‍കിയത് ചലച്ചിത്ര അക്കാദമിയല്ലെന്നും കമല്‍ വ്യക്തമാക്കി.
ചലച്ചിത്രമേളയില്‍ സംഘര്‍ഷമുണ്ടാകാതെ നോക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ എടുത്തുചാടി ഇടപെടല്‍ ഉണ്ടാകരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞു. മേളയ്ക്കിടെ ദേശീയഗാനം മുഴങ്ങുമ്പോള്‍ ഡെലിഗേറ്റുകള്‍ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കഴിഞ്ഞദിവസം നിശാഗന്ധിയില്‍ സിനിമയ്ക്ക് മുന്നോടിയായി ദേശീയഗാനം ആലപിക്കുമ്പോള്‍ ഭൂരിഭാഗം പേരും എഴുന്നേറ്റ് നിന്നെങ്കിലും കുറേപ്പേര് ഇരിക്കുകയുണ്ടായി. തുടര്‍ന്ന് കോഴിക്കോട് സ്വദേശികളായ രമിന്രാജ് (20), ഹേമന്ദ് വിജയ് (18), അമല്‍ജിത്ത് (22), ജിഷ്ണു (22), കാസര്‍കോട് സ്വദേശി അജിത്ത് (21), മലപ്പുറം സ്വദേശി മൃദുല (20) എന്നിവരെ യുവമോര്‍ച്ചയുടെ പരാതിയിന്മേല് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
Discussion about this post