ഡല്‍ഹി: അസാധുവാക്കിയ നോട്ടുകളെല്ലാം തിരികെ പ്രചാരത്തിലെത്തില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നാണയരഹിത സമ്പദ്വ്യവസ്ഥയിലേക്കു ചുവടുവയ്ക്കുന്നതിനു പിന്‍വലിച്ച നോട്ടുകളില്‍ ഒരു പങ്കു ‘ഡിജിറ്റല്‍ കറന്‍സി’യായി രൂപപ്പെടുത്തുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അരുണ്‍ ജെയ്റ്റ്ലി വെളിപ്പെടുത്തി. പിന്‍വലിച്ച പണമെല്ലാം വീണ്ടും അച്ചടിച്ചെത്തിച്ചാല്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നിലെ യഥാര്‍ഥ ലക്ഷ്യം നേടാനാവില്ലെന്നു വ്യവസായ സമൂഹമായ ഫിക്കിയുടെ വാര്‍ഷിക യോഗത്തില്‍ ജെയ്റ്റ്ലി പറഞ്ഞു.
നോട്ടുകള്‍ പിന്‍വലിച്ചതു ധീരനടപടിയായിരുന്നു. അത്തരം നടപടികള്‍ സ്വീകരിക്കാനുള്ള കരുത്ത് ഇന്നു രാജ്യത്തിനുണ്ട്. എഴുപതാണ്ടായി നിലനിന്ന നാണയ സമ്പദ്വ്യവസ്ഥയില് നിന്നു രാജ്യം അടുത്ത ഘട്ടത്തിലേക്കു ചുവടുവയ്ക്കുകയാണ്. കള്ളപ്പണവും നികുതി വെട്ടിപ്പും തടയുന്നതില്‍ നിര്‍ണായക ചുവടുവയ്പാണു സര്‍ക്കാര്‍ കൈക്കൊണ്ടത്. ദിവസവും റിസര്‍വ് ബാങ്ക് പുതിയ നോട്ടുകള്‍ വിപണിയിലെത്തിക്കുന്നു. പണത്തിന്റെ ലഭ്യത സാധാരണ ഗതിയിലാകാന്‍ ഏറെ നാളെടുക്കില്ല. നോട്ടു പിന്‍വലിച്ചതിനു ശേഷം ഡിജിറ്റല്‍ പണമിടപാടുകള്‍ വന്‍തോതില്‍ വര്‍ധിച്ചു. ഇതുകൊണ്ടുള്ള പ്രയോജനം പാര്‍ലമെന്റില്‍ ഒരു വിഭാഗത്തിനു മനസ്സിലായിട്ടില്ലെന്നേയുള്ളൂ. നടപടികൊണ്ടുള്ള ദീര്‍ഘകാല പ്രയോജനങ്ങള്‍ കണ്ടറിഞ്ഞു ഹ്രസ്വകാലത്തെ വേദനകള്‍ മറക്കുക ജെയ്റ്റ്ലി ആവശ്യപ്പെട്ടു.
Discussion about this post