കണ്ണൂര്‍: ദേശീയഗാന വിവാദത്തില്‍ കേരള പൊലീസിനെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എഴുത്തുകാരന് കമല്‍സി ചാവറക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ലായിരുന്നുവെന്നു കോടിയേരി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ പാടില്ല. സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഓഫിസര്‍മാരുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎപിഎ നിയമം ദുരുപയോഗം ചെയ്യാന്‍ പാടില്ല. ഭീകര പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് യുഎപിഎ ചുമത്തേണ്ടത്. യുഎപിഎ ചുമത്തിയ കേസുകളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ പുനരന്വേഷണം നടത്തും. എഴുത്തുകാരനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം യുഎപിഎ സര്‍ക്കാരിന്റെ നയമല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മൂന്ന് യുഎപിഎ അറസ്റ്റുകളാണ് ആറുമാസം പിന്നിടുന്ന ഇടതുഭരണത്തിലുണ്ടായത്. ഇതിനെതിരെ ഭരണപക്ഷമായ സിപിഐ അടക്കമുളള പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി എത്തിയിരുന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ നദി എന്നറിയപ്പെടുന്ന നദീറിനെതിരെ ഇന്നലെ പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തതോടെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. പിന്നാലെ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന് രംഗത്തെത്തിയിരുന്നു. ഇതിനുശേഷമാണ് പാര്‍ട്ടി സെക്രട്ടറിയും യുഎപിഎക്കെതിരെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ദേശീയഗാനത്തെ അപമാനിച്ചു എന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത നോവലിസ്റ്റ് കമാല്‍ സി ചവറയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് നദീറിനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കാലത്ത് 11 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് നദിയെ മഫ്തി വേഷത്തിലെത്തിയ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. നദിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കമാല്‍ സി ചവറയുടെ നിരാഹാരം തുടരുകയാണ്.
Discussion about this post