ചെന്നൈ: പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള യോഗത്തിന് മുന്നോടിയായി ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപി ശശികല പുഷ്പയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകനും അഭിഭാഷകരും നാമനിര്‍ദ്ദേശ പത്രികയുമായി എത്തിയപ്പോഴാണ് സംഘര്‍ഷം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശികല പുഷ്പയുടെ നാമനിര്‍ദേശ പത്രികയുമായാണ് ലിംഗേശ്വരയും സംഘവുമെത്തിയത്.
ലിംഗേശ്വരയേയും അനുയായികളെയും ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു മര്‍ദ്ദിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം നാളെയാണ് ചേരുന്നത്. ലിംഗേശ്വരയും സംഘവും നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാനായി ഓഫീസിലേക്ക് കടന്നെങ്കലും പത്രിക സ്വീകരിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല.
ഇതിനിടെ പുറത്തുകാത്തുനിന്ന പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഇരച്ചുകയറി ശശികലയുടെ ഭര്‍ത്താവിനേയും സംഘത്തേയും ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി. സംഘര്‍ഷം നടക്കുന്ന സമയം ശശികല പുഷ്പ കാറിനകത്ത് ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
Discussion about this post