മുംബൈ: നോട്ട് അസാധുവാക്കലിനും ജി.എസ്.ടി.യ്ക്കും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഗുണകരമായരീതിയില്‍ മാറ്റിമറിക്കാന്‍ ശേഷിയുണ്ടെന്ന് റിസര്‍വ് ബാങ്ക്. സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് താത്കാലികമായ ആഘാതമേറ്റിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ദൂരവ്യാപകമായി ഈ തീരുമാനം മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും വ്യക്തമാക്കി.
അതേസമയം കോര്‍പ്പറേറ്റ് മേഖലയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. റിസര്‍വ് ബാങ്ക് വ്യാഴാഴ്ച പുറത്തുവിട്ട ദ്വൈവാര്‍ഷിക സാമ്പത്തികസ്ഥിരതാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. യു.എസില്‍ പലിശനിരക്കിലുള്ള വര്‍ധനയെത്തുടര്‍ന്നുണ്ടായ ആഗോള അനിശ്ചിതാവസ്ഥയിലും അസംസ്കൃത എണ്ണയുടെ വിലവര്‍ധനയുടെ സാഹചര്യത്തിലുമാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കി.
ആഭ്യന്തര സാമ്പത്തികസ്ഥിതി സ്ഥിരതപുലര്ത്തുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടെങ്കിലും പൊതുമേഖലാ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി തുടരുമെന്നും സൂചിപ്പിച്ചു. നോട്ട് പ്രതിസന്ധിയെത്തുടര്‍ന്ന് ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി കൂടുതല്‍ മൂലധനം നല്‍കണമെന്ന് ബാങ്കുകളോട് നിര്‍ദേശിച്ചതായും പട്ടേല്‍ പറഞ്ഞു.
Discussion about this post