ഡല്‍ഹി : സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് പത്രപ്രവര്‍ത്തക മെഹര്‍ തരാറിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്യും. അന്വേഷണത്തില്‍ മെഹര്‍ തരാറിനെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നതെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്. ബസി പറഞ്ഞു.
മെഹര്‍ തരാറിന്റെ ഇമെയില്‍ സന്ദേശങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള തീരുമാനം. തരാറും തരൂരും തമ്മിലുള്ള ബന്ധം സുനന്ദ പുഷ്കറിനെ അസ്വസ്ഥയാക്കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സുനന്ദ അസ്വസ്ഥയായിരുന്നുവെന്നും തരൂരും മെഹര്‍ തരാറും മൂന്ന് ദിവസം ദുബായില്‍ താമസിച്ചിരുന്നതായും സുനന്ദയുടെ സുഹൃത്തും മാധ്യമ പ്രവര്‍ത്തകയുമായ നളിനി സിങ് മൊഴി നല്‍കിയിരുന്നു.
അതേസമയം കേസുമായി സഹകരിക്കുമെന്ന് മെഹര്‍ തരാര്‍ അറിയിച്ചു. ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നും അവര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും കമ്മിഷണര്‍ ബസി പറഞ്ഞു. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Discussion about this post