തന്റെ വിശ്വാസവുമായി ഒരിക്കലും പൊരുത്തപ്പെടാത്ത ആളാണ് പ്രണവെന്ന് നടന്‍ മോഹന്‍ലാല്‍. വിശ്വാസത്തിന്റെ കാര്യത്തില്‍ മിക്കവരും മാതാപിതാക്കളുടെ വഴി തന്നെയാകും തിരഞ്ഞെടുക്കുക. എന്നാല്‍ തന്റെ വിശ്വാസങ്ങളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത ആളാണ് മകന്‍ പ്രണവെന്ന് ലാല്‍ പറയുന്നു.
ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ പ്രണവിന്റെ വിശ്വാസം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
‘ഞാന്‍ വളര്‍ന്ന സാഹചര്യത്തില്‍, വീട്ടിലെ സ്ത്രീകള്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോകുന്നത് ആത്മീയതയാണ്. അതുകൊണ്ട് ഞാനും അമ്പലത്തില്‍ പോകാന്‍ ശ്രമിച്ചിരുന്നു. എല്ലായ്പ്പോഴും അതിന് സാധിച്ചെന്നു വരില്ല. എന്നിരുന്നാലും എനിക്കു ചുറ്റും ആ ആത്മിയത ഉണ്ടെന്നാണ് വിശ്വാസം. ഞാന്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോകുന്നത് പ്രണവ് ഇതുവരെ കണ്ടിട്ടില്ല. 23 രാജ്യങ്ങളില്‍ നിന്നായി കുട്ടികള്‍ വന്ന് പഠിച്ച ക്രിസ്റ്റ്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് പ്രണവ് പഠിച്ചത്. അതുകണ്ട് തന്നെ അയാളുടെ വിശ്വാസങ്ങളും ചിന്തയും അതിന് അടിസ്ഥാനമായിരിയ്ക്കും. ഞാനൊരിക്കലും പ്രണവിനോട് രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടില്ല- മോഹന്‍ലാല്‍ പറയുന്നു.
ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന ആളാണ് പ്രണവ്. ഫിലോസഫി പഠിച്ചിട്ടുണ്ട്്. അയാളുടെ വിശ്വാസവും ആത്മീയതയും അതിലാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത തത്വചിന്തകള്‍ പ്രണവിനുണ്ട്. അമ്പലത്തില്‍ പോകുന്നത് പോയിട്ട് പ്രാര്‍ത്ഥിക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല. പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞാല്‍, ഒരു നേരം പ്രാര്‍ത്ഥിക്കുന്നത് കൊണ്ട് എന്താണ് ഗുണം എന്നയാള്‍ ചോദിക്കും. അയാളോട് തര്‍ക്കിച്ച് കാര്യം തെളിയിക്കാന്‍ എനിക്കറിയില്ല.’ മോഹന്‍ലാല്‍ പറയുന്നു.
കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ സിനിമ കുറച്ചേക്കാമെന്നും മോഹന്‍ലാല്‍ പറയുന്നു. അഭിനയമില്ലാത്ത ലോകത്ത് ഞാന്‍ പൂര്‍ണമായും സന്തോഷവാനായിരിയ്ക്കും. അവധി ആഘോഷിക്കുക വളരെ ഇഷ്ടമുള്ള കാര്യമാണ്. ഓരോ സിനിമ പൂര്‍ത്തിയാക്കിയ ശേഷവും ഒരു പത്ത് ദിവസം അവധി എടുക്കാന്‍ ആഗ്രഹിയ്ക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ കഠിനമായ ഷൂട്ടിങ് ഷെഡ്യൂളുകള്‍ കാരണം അതിന് സാധിക്കാറില്ല. ഇപ്പോള്‍ ഞാന്‍ അതിന് ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നുണ്ട്. ഇതുവരെ ഞാന്‍ എനിക്ക് വേണ്ടി ജീവിച്ചിട്ടില്ല. ഇനി അതിന് വേണ്ടി ശ്രമിക്കണം. മോഹന്‍ലാല്‍ പറയുന്നു.
Discussion about this post