കൊച്ചി: സംസ്ഥാനത്തെ പോലീസുകാരെ സഖാക്കളാക്കി മാറ്റാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. അവരെ സഖാക്കന്മാരായി മാറ്റാനാണ് ശ്രമം. പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ ക്രമസമാധാനത്തിന് കേന്ദ്രസേനയെ വിളിക്കണമെന്നും കുമ്മനം പറഞ്ഞു. കൊച്ചിയില്‍ സഹകരണ സംരക്ഷണ സമ്മേളനം എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനോട് സംസാരിച്ചിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് കഴിയുന്നില്ലെന്നാണ് ചെറുവത്തൂരിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് വ്യക്തമാക്കണം. ചെറുവത്തൂരിലെ സംഘര്‍ഷം ഏകപക്ഷീയമാണെന്നും കുമ്മനം കുറ്റപ്പെടുത്തി. പ്രവര്‍ത്തകരോടും നേതാക്കളോടും റോഡിലൂടെ സഞ്ചരിക്കരുതെന്നാണ് പൊലീസ് നിര്‍ദ്ദേശം. ഇത് അരാജകത്വമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരായി രംഗത്തുവരണം. സംഘടനാ സ്വാതന്ത്ര്യമാണ് നിഷേധിക്കപ്പെടുന്നത്. സി.പി.ഐ.എം നീക്കത്തിനെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്നും കുമ്മനം പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമാധാനയോഗം വിളിച്ചു ചേര്‍ത്ത ശേഷവും തുടരുന്ന അക്രമങ്ങളെക്കുറിച്ച് സി.പി.ഐ.എം മറുപടി പറയണം. പിണറായി വിജയന് പാര്‍ട്ടി നേതാവിനപ്പുറം മുഖ്യമന്ത്രിയായി ഉയരണമെന്നും കുമ്മനം പറയുന്നു.
സഹകരണ മേഖലയുടെ പേര് പറഞ്ഞ് ജനങ്ങളില്‍ വിഭ്രാന്തി പരത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് കുമ്മനം കുറ്റപ്പെടുത്തി. സഹകരണ മേഖലയെ സര്‍ക്കാര്‍ സുതാര്യമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post