ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ. ഗോവയില്‍ 40 അംഗ മന്ത്രിസഭയില്‍ 20-24 സീറ്റുവരെ നേടി ബിജെപി അധികാരത്തില്‍ തുടരുമെന്നാണ് ഇന്ത്യാ ടുഡെ-ആക്സിസ് അഭിപ്രായ സര്‍വേയില്‍ പറയുന്നത്. കോണ്‍ഗ്രസിന് 13-15 വരെ സീറ്റുകളും. ഏറെ പ്രതീക്ഷയോടെ എത്തുന്ന എഎപിക്ക് 2-4 വരെ സീറ്റ് മാത്രമേ ലഭിക്കൂവെന്നും സര്‍വേ ഫലത്തില്‍ പറയുന്നു. മറ്റുപാര്‍ട്ടികള്‍ എല്ലാംകൂടി 1-4 വരെ സീറ്റുകള്‍ നേടും. ഫെബ്രുവരി നാലിനാണ് തിരഞ്ഞെടുപ്പ്.
ലക്ഷ്മികാന്ത് പര്‍സേക്കര്‍ തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം ആളുകളുടെയും അഭിപ്രായം. മുന്‍മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ കേന്ദ്ര മന്ത്രിയായി ഡല്‍ഹിയിലേക്കു പോയതോടെ ബിജെപിക്ക് ഗോവയില്‍ പിന്തുണ കുറഞ്ഞുവെന്ന് 41 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു.
ഉത്തരാഖണ്ഡില്‍ നിലവിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്ത് 41-46 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് സര്‍വേ അഭിപ്രായപ്പെടുന്നത്. 70 സീറ്റിലേക്കാണ് മല്‍സരം. കോണ്‍ഗ്രസിന് 18-23 വരെ സീറ്റുകളും മറ്റുള്ളവര്‍ക്ക് 2-6 സീറ്റുകളും നേടാനേ സാധിക്കുവെന്ന് അഭിപ്രായ സര്‍വേയില്‍ പറയുന്നു. ബിജെപിക്ക് 45 ശതമാനം വോട്ടും കോണ്‍ഗ്രസിന് 33 ശതമാനം വോട്ടും ലഭിക്കുമെന്നാണ് സര്‍വേയുടെ പ്രവചനം. ഫെബ്രുവരി 15ന് ഒറ്റഘട്ടമായാണ് ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ്.
പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നും സര്‍വേയില്‍ പറയുന്നു. പഞ്ചാബില്‍ 56-62 സീറ്റുനേടി അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം അധികാരത്തിലെത്തും. ഇവിടെ ബിജെപി സഖ്യത്തെ തള്ളി ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തുമെന്നും സര്‍വേ പ്രവചിക്കുന്നു.
പഞ്ചാബില്‍ ആകെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 35 ശതമാനം വോട്ടാണ് കോണ്‍ഗ്രസ് നേടുക. രണ്ടാം സ്ഥാനത്തെത്തുന്ന എഎപിക്ക് 36-41 വരെ സീറ്റ് (29 ശതമാനം വോട്ട്) ലഭിച്ചേക്കുമെന്നും സര്‍വേ പറയുന്നു. ബിജെപി-അകാലി ദള്‍ സഖ്യത്തിന് 18-22 വരെ സീറ്റ് ലഭിക്കും. മായാവതിയുടെ ബിഎസ്പി 1-4 വരെ സീറ്റ് നേടുമെന്നും അഭിപ്രായ സര്‍വേ പ്രവചിക്കുന്നു.
പഞ്ചാബില്‍ ആര് മുഖ്യമന്ത്രിയാകണമെന്ന ചോദ്യത്തില്‍ 34 ശതമാനം ആളുകളും കോണ്‍ഗ്രസിന്റെ അമരീന്ദര്‍ സിങ്ങിന്റെ പേരാണ് നിര്‍േദശിച്ചത്. പ്രകാശ് സിങ് ബാദലിന്റെ പേര് 22 ശതമാനവും ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാളിന്റെ പേര് 16 ശതമാനം ആളുകളും നിര്‍ദേശിച്ചു. പഞ്ചാബില്‍ ഫെബ്രുവരി നാലിന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.
മാര്‍ച്ച് 11-നാണ് അഞ്ച് സംസ്ഥാനങ്ങളിലെയും ഫലപ്രഖ്യാപനം നടക്കുന്നത്.
Discussion about this post