മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മഹേന്ദ്ര സിങ് ധോണി രാജിവെച്ചത് ബിസിസിഐയുടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നുവെന്ന് റിപ്പോര്‍ട്ട്. പിന്‍മാറാന്‍ സമയമായി എന്ന് ബിസിസിഐ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ധോണി ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. ജാര്‍ഖണ്ഡ് ഗുജറാത്ത് രഞ്ജി ട്രോഫി സെമിഫൈനല്‍ മത്സരത്തിനിടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് നാഗ്പൂരില്‍ വച്ച് ധോണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ധോണിയുടെ തീരുമാനത്തെ പുകഴ്ത്തി പ്രസാദ് രംഗത്തുവരികയും ചെയ്തിരുന്നു.
ടെസ്റ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്ലിക്ക് ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനവും കൈമാറാന്‍ സെപ്റ്റംബര്‍ മുതല്‍ തന്നെ തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. സെപ്റ്റംബര്‍ 21ന് പുതിയ സെലക്ഷന്‍ കമ്മിറ്റിയെ നിയമിച്ചതു മുതല്‍ പ്രാരംഭ നടപടികളും തുടങ്ങി. 2019ലെ ലോകകപ്പിനായി ടീമിനെ ഒരുക്കാനുള്ള നടപടികള്‍ക്കാണ് അഞ്ചംഗ പാനല്‍ ശ്രദ്ധവച്ചത്. അന്ന് ധോണിക്ക് 39 വയസ് ആകുമെന്നും അതിനായി കോഹ്ലിയെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടെന്നും ബിസിസിഐ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. നാഗ്പൂരിലെ കൂടിക്കാഴ്ചയില്‍ ഇക്കാര്യവും ധോണിയുമായി ഒരിക്കല്‍ക്കൂടി സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പെട്ടെന്ന് വിരമിക്കല്‍ തീരുമാനം ഉണ്ടായത്.
Discussion about this post