തൃശ്ശുര്‍: പാമ്പാടി നെഹ്റു എഞ്ചിനിയറിങ് കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ മൂക്കില്‍ മുറിവേറ്റ പാടുണ്ടായിരുന്നെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയതായി പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ ശരീരത്തില്‍ മര്‍ദ്ദനമേറ്റ മറ്റ് പാടുകളില്ല. മരണം തൂങ്ങിമരണമെന്നും പോസ്റ്റ്മാര്‍ട്ടത്തില്‍ സ്ഥിരീകരണമായി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മാര്‍ട്ടത്തിന്റെ പ്രാഥമിക നിഗമനങ്ങളാണ് ഫോറന്‍സിക് വിദഗ്ധര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന സാങ്കേതിക സര്‍വ്വകലാശാലാ സംഘവും യുവജന കമ്മീഷനും ഇന്ന് കോളേജില്‍ തെളിവെടുപ്പ് നടത്തും.
ജിഷ്ണു പ്രണോയിയുടെ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ജിഷ്ണുവിന്റെ മൂക്കില്‍ മുറിവുണ്ടായിരുന്നതായും മൃതദേഹ പരിശോധനയില്‍ വ്യക്തമായി. ജിഷ്ണുവിന് മര്‍ദ്ദനമേറ്റിരുന്നു എന്ന് സഹപാഠികളും ബന്ധുക്കളും ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ മൃതദേഹ പരിശോധനയിലെ ഈ കണ്ടെത്തല്‍ അന്വേഷണ സംഘം ഗൗരവത്തോടെയാണ് കാണുന്നത്. എന്നാല്‍ ശരീരത്തില്‍ മറ്റ് പരിക്കുകള്‍ കണ്ടെത്താനുമായിട്ടില്ല.
പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാരില്‍ നിന്നും അന്വേഷണ സംഘം ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത തേടും. മുറിവിന്റെ പഴക്കം, ആഴം, മുറിവ് എങ്ങനെ ഉണ്ടായി തുടങ്ങിയ കാര്യങ്ങളിലാവും പൊലീസ് വ്യക്തത തേടുക. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍, ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ച സഹപാഠികള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്താനുള്ള നീക്കവും പൊലീസ് നടത്തും. അതിനിടെ സാങ്കേതിക സര്‍വ്വകലാശാലാ സംഘവും യുവജന കമ്മീഷനും ഇന്ന് കോളേജിലെത്തി സംഭവത്തില്‍ തെളിവെടുപ്പ് നടത്തും.
ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും. കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കോളേജ് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപി ഇന്ന് തൃശൂര്‍ ഐ.ജി ഓഫീലേക്ക് രാവിലെ പത്തിന് മാര്‍ച്ച് നടത്തും. എസ്.എഫ്.ഐ ജില്ലാ കേന്ദ്രങ്ങളില്‍ വൈകിട്ട് പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post