വാഷിങ്ടണ്‍: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്കി വൈസ് പ്രസിഡന്റ് ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ആദരം. വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ വെച്ചായിരുന്നു ജോ ബൈഡനെ തന്നെ ഞെട്ടിപ്പിച്ച പ്രഖ്യാപനം. വൈസ് പ്രസിഡന്റിനായി വൈറ്റ് ഹൗസില്‍ ഒരുക്കിയ വിടവാങ്ങല്‍ ചടങ്ങിലായിരുന്നു സംഭവം.
ഒബാമയുടെ അടുത്ത സുഹൃത്തായ ബൈഡനെ മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു ഒബാമ അവാര്‍ഡ് പ്രഖ്യാപിച്ചത്. സൈനികനോട് സ്റ്റേജിലേക്ക് വരാന്‍ ആവശ്യപ്പെട്ട ശേഷം ഒബാമ പുരസ്കാരം പ്രഖ്യാപിച്ചു. പ്രഖ്യാപനം കേട്ട് സ്റ്റേജിന് പിന്തിരിഞ്ഞ് നിന്ന് ബൈഡന് കരയുകയും തൂവാല കൊണ്ട് മുഖം തുടക്കുകയും ചെയ്തു. നിറകണ്ണുകളോടെയാണ് അദ്ദേഹം സദസ്സിനെ മറുപടി പ്രസംഗത്തിനായി പിന്നീട് അഭിമുഖീകരിച്ചത്. കരഞ്ഞും ചിരിപ്പിച്ചും പ്രസംഗം തുടര്‍ന്ന ബൈഡന് താന്‍ ഈ മെഡലിന് അര്‍ഹനല്ലെന്ന് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള സൗഹൃദബന്ധം പ്രശസ്തമാണ്. വിടവാങ്ങല്‍ ചടങ്ങിനിടെ ഇരുവരും പരസ്പരം ഓര്‍മകള്‍ പങ്കിട്ടു.
Discussion about this post