ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിന്റെ പിന്നിലെ മുഖ്യ സൂത്രധാരനും നിരോധിത സംഘടനയായ ലഷ്കര്‍ഇ തൊയിബയുടെ കമാന്ററുമായ സാക്കിയൂര്‍ റഹ്മാന് ലഖ്വിയെ വിട്ടയക്കാന്‍ പാക്ക് കോടതിയുടെ ഉത്തരവ്. ലഖ്വി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്.
ലഖ്വിയെ അനധികൃതമായാണ് തടവില്‍ വച്ചിരിക്കുന്നതെന്ന് പറഞ്ഞ കോടതി ലഖ്വിക്ക് മോചനം അനുവദിക്കണമെന്നും ഉത്തരവിട്ടു. ഇസ്ലാമബാദ് ജില്ലാ ഭരണകൂടം പുറത്തിറക്കിയ വിജ്ഞാപനം ജസ്റ്റിസ് നൂറുല്‍ ഹഖ് അസാധുവാക്കി.
2008 നവംബര്‍ 26ന് മുംബയില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ലഖ്വി.ഈ ഭീകരാക്രമണത്തില്‍ 166 പേര് മരിക്കുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുറ്റക്കാരനെന്ന് കണ്ടെത്തിയ ലഖ്വിയെ 2009 നവംബര്‍ 25നാണ് അറസ്റ്റ് ചെയ്യുന്നത്.
മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ലഖ്വിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നതാണ്. എന്നാല്‍ ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ജാമ്യം റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് പൊതുസമൂഹത്തിന് ശല്യവും ഭീഷണിയും ആണെന്ന കുറ്റം ചുമത്തി ലാഖ്വിയെ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
Discussion about this post