സൈബറന്‍
പ്രിയപ്പെട്ട മുഖ്യമന്ത്രി സര്..
ആദ്യമേ പറയട്ടേ..അങ്ങേക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ളതാണ് ഈ കത്ത്..കേരള ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെടേണ്ട ദിനത്തില്‍ നായകത്വം വഹിച്ച വ്യക്തി എന്ന നിലയില്‍ ആദ്യമേ അങ്ങയെ അഭിനന്ദിക്കട്ടെ..നിങ്ങളാണ് ഞങ്ങ എപ്പോഴും പറയുന്ന കരുത്തനായ ആദര്‍ശവാദിയായ മുഖ്യമന്ത്രി…
ബഹുമാനപ്പെട്ട ധനമന്ത്രിയെ പള്ളിയില്‍ പോവാന്‍ അനുവദിക്കാതെ പ്രതിപക്ഷം കാട്ടികൂട്ടിയ ക്രൂരതകള്‍ ടിവിയില്‍ കണ്ട് സഹിക്കാന്‍ വയ്യാതെയാണ് അങ്ങേക്ക് ഈ കത്ത് എഴുതന്നത്. അങ്ങേക്ക് ഐക്യ ദാര്‍ഡ്യം ഇന്ന് തന്നെ പ്രഖ്യാപിച്ചില്ലെങ്കില്‍ ഞങ്ങളെ പോലെ പൗരബോധമുള്ള കഴുതകള്‍ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം സാര്‍…
‘എന്താണ് ഇന്ന് നിയമസഭയില്‍ നടന്നത്..ബഹുമാനപ്പെട്ട ധനകാര്യമന്ത്രിയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നു…നിരവധി ആരോപണം ഉയരുന്നു..കേസുകളില്‍ പ്രതിചേര്‍ക്കുന്നു..അത്തരത്തിലൊരു വ്യക്തി ബജറ്റ് അവതരിപ്പിക്കുന്നത് ശരിയാണോ എന്ന ചോദ്യം കുറെ കാലമായി ഉയരുന്നുണ്ട്. ഇത്തരത്തില്‍ പലര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടും അന്നൊന്നും പലരും രാജിവച്ചില്ലല്ലോ എന്ന ചോദ്യം അങ്ങും മാണി സാറിനൊപ്പം ഉയര്‍ത്തുന്നുണ്ടല്ലോ…അത് താത്വികമായ വിശകലനമായി ഞങ്ങള്‍ കഴുതകള്‍ക്ക് മനസ്സിലായിട്ടുണ്ട്. കക്കുന്നതും, അതിന് കാവല്‍ നില്ക്കുന്നതും ഇതാദ്യമായിട്ടാണോ എന്ന് താങ്കളുടെ കൂട്ടത്തിലുള്ളവര്‍ ചോദിക്കുമ്പോള്‍ കയ്യടിക്കാന്‍ എനിക്കും തോന്നുന്നുണ്ട് സാര്‍..എന്തൊരു ജനാധിപത്യബോധം…
അതിനാല്‍ മാണി സാര്‍ തന്നെയാണ് ബജറ്റ് അവതരിപ്പിക്കാന്‍ കൂട്ടത്തില്‍ ഏറ്റവും വലിയ യോഗ്യന്‍ എന്ന് നിങ്ങളൊക്കെ പറഞ്ഞാല്‍ ഭരണഘടന ബാധ്യത തീര്‍ക്കുന്ന മഹനീയ പോരാട്ട ദൃശ്യത്തിന് ആര്‍പ്പ് വിളിക്കാതെ ഞങ്ങള്‍ കഴുതകള്‍ ജനാധിപത്യ പ്രബുദ്ധത തെളിയിക്കാന്‍ എന്ത് ചെയ്യും ഉമ്മന്‍ സാര്‍…
ഇന്നലെ മാണി സാര്‍ വസതിയില്‍ നിന്ന് വന്ന് ബജറ്റ് അവതരിപ്പിക്കും എന്ന് പറഞ്ഞ് കേട്ടപ്പോള്‍ രോമാഞ്ചം വന്നു സാര്‍..എന്തോരു ധീരത. പണ്ട് ബ്രിട്ടീഷ്കാര് ബയണറ്റ് കൊണ്ട് ഇടിക്കുമ്പോഴും ചിരിച്ച് കൊണ്ട് നിന്ന് പഴയൊരു വൃദ്ധമുഖം ഓര്‍മ്മയില്‍ വന്നു പോയി. പറയാതെ വയ്യ എന്തൊരു ധീരത.
എന്നാല്‍ അല്പസമയത്തിനകം മാണി സാറും താങ്കളും തീരുമാനം മാറ്റിയപ്പോള്‍ ചെറിയ വിഷമം തോന്നി…നിയമസഭയ്ക്കകത്ത് തന്നെ രാത്രി തുടരും.. നേരത്തെ പക്ഷേ അങ്ങനെ പറഞ്ഞത് സാറിനെ തടയാന്‍ കച്ചക്കെട്ടിയിറങ്ങിയ ഭരണഘടനാ വിരുദ്ധരെ പറ്റിക്കുന്ന നയതന്ത്രമായിരുന്നു എന്ന് വിശദീകരിച്ചു തന്നപ്പോള്‍ നേരത്തെ തന്നെ എഴുന്നേറ്റ് നിന്ന രോമം ഇനിയെങ്കനെ വിജൃംഭിക്കും എന്നറിയാതെ വിറച്ചു പോയി സാര്‍..ഭരണഘടന ബാധ്യത തീര്‍ക്കാന്‍ പല തന്ത്രവും പയറ്റും എന്ന് പറഞ്ഞ് അങ്ങയുടെ കൂട്ടത്തിലുള്ളവര്‍ തെളിയിച്ചപ്പോള്‍ കേരളത്തില്‍ പിറന്നല്ലോ എന്നതില്‍ ആദ്യമായി അഭിമാനം തോന്നി സാര്‍..സത്യായിട്ടും.
വീട്ടില്‍ നിന്ന് വന്ന,് വഴിയില്‍ തടയപ്പെട്ട് ബജറ്റ് അവതരിപ്പിക്കാതെ അങ്ങ് മടങ്ങിയാല്‍ അത് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാവുമായിരുന്നു. അനാവശ്യപ്രക്ഷോഭങ്ങളൊന്നും വേണ്ട, രക്ത ചൊരിച്ചില്‍ വേണ്ട എന്ന് തീരുമാനിച്ച് തന്റേ പേരിലുള്ള അപവാദം നിലനില്‍ക്കുന്നിടത്തോളം ബജറ്റ് അവതരിപ്പിക്കില്ല എന്നെങ്ങാനും മാണി സാര്‍ പറഞ്ഞിരുന്നെങ്കില്‍ അതില്‍ പരം നാണക്കേടെന്തുണ്ട്.
ബജറ്റ് അവതരണം പ്രതിപക്ഷം തടസ്സപ്പെടുത്തിയതിനാല്‍ മാറ്റിവച്ചു എന്ന തലക്കെട്ട് വല്ല പത്രത്തിലെങ്ങാനും വന്നിരുന്നേല്‍ ആത്മഹത്യ ചെയ്യുകയല്ലേ നല്ലത്. ജൂബയില്‍ അങ്ങനെ ഒരു കറവീണിരുന്നെങ്കില് മാണി സാറിനെ പാലാക്കാര് ആ പടി കയറ്റുമോ..ഇപ്പോള്‍ കണ്ടില്ലേ..ബജറ്റ് അവതരിപ്പിച്ച് ധീരദേശാഭിമാനിയായി മാണി സാര്‍ സ്വീകരണേറ്റുവാങ്ങുന്ന മുഹൂര്‍ത്തം..ഹാ വീണ്ടും അഭിമാനം കൊണ്ട് കരച്ചില് വരുന്നു..സാര്‍..
നിയമസഭയില്‍ പ്രതിപക്ഷം തളര്‍ന്നും ബോധം കെട്ടും വീണപ്പോള്‍ സാര്‍ ചിരിയാണു വന്നത്. വനിത മെമ്പര്‍മാരെ ഇങ്ങനയല്ല ,,ഇതിലും കൂടുതലായി കൈകാര്യം ചെയ്യണം..ചെയറിനിടയില് നമ്മുടെ ധീര യോദ്ധാവ് ഒരു വനിത മെമ്പറെ കുരുക്കിയിട്ടത് കണ്ടപ്പോള്‍ സന്തോഷം തോന്നി..ഇതാണ് യഥാര്‍ത്ഥ സാമൂഹ്യ സേവനം. പ്രായമായ ഒരു വനിത എംഎല്‍എയില്‍ നിന്ന് അങ്ങയെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിനിടെ മറ്റൊരു ദേശാഭിമാനിയ്ക്ക് കടിയേറ്റ വാര്‍ത്ത കണ്ട് സങ്കടം തോന്നി..ആ രാജ്യദ്രോഹപ്രവര്ത്തിയിലേര്പ്പട്ട കൊടുംതീവ്രവാദിയായ വനിതയില്‍ നിന്ന് അങ്ങയുടെ ജീവന് രക്ഷിച്ചതിന്റെ ആ മാന്യദേഹത്തിന് രക്ഷാപതക് കൊടുക്കണം സാര്‍..ആ മാന്യദേഹം ആ വനിതയെ തടഞ്ഞില്ലെങ്കില്‍ എന്താവുമായിരുന്നു പുരുഷകേസരിയായ അങ്ങയുടെ അവസ്ഥ..ഞങ്ങള്‍ കഴുതകള്‍ക്ക് അത് ആലോചിക്കുമ്പോഴെ പേടിയാകുന്നു…
എല്ലാറ്റിനും വിലകൂട്ടിയ ബജറ്റ് പിടലിയില്‍ വച്ചതിന്റെ സന്തോഷത്തിനിടയില്‍ ഇരട്ടിമധുരമായി, സാര്‍ താങ്കളുടെ കൂട്ടുകാര്‍ കഴിച്ച് ബാക്കി വന്ന ലഡുവിന്റെ മധുരം..പത്മവ്യൂഹം ഭേദിച്ച് കേരളീയരുടെ മാനം കാത്ത ധീരദേശാഭിമാനി മാണി സാറിന്റെ വിജയം, ഷുഗറ് പോലും മറന്ന് നിങ്ങളൊക്കെ തിന്ന് ആഘോഷിക്കുന്നത് കണ്ടപ്പോള്‍ വയറ് നിറഞ്ഞു സാര്‍…
ഒരു കാര്യത്തില്‍ ഒരല്പം വിയോജിപ്പ് പ്രകടിപ്പിച്ചില്ലെങ്കില്‍ കഴുതകളായ ഞങ്ങളെ വെറും കഴുതകള്‍ എന്ന് അങ്ങ് ആക്ഷപിക്കില്ലെ..? അത് കൊണ്ടാണ്.. എല്ലാം കഴിഞ്ഞ് പ്രതിപക്ഷത്തെ അടിച്ചിരുത്തി. അങ്ങ് നടത്തിയ മാധ്യമസമ്മേളനമുണ്ടല്ലോ..അത് ഒരു അശ്വമേധം ജയിച്ച ഒരു ചക്രവര്‍ത്തിയുടേത് പോലെയായിരുന്നു..എന്തൊരു ധീരത..എന്തൊരു വീര്യം..ഞങ്ങള്‍ കഴുതകള്‍ക്ക് അങ്ങയെപോലുള്ള ഒരു ചക്രവര്‍ത്തിയെ തന്നെയാണ് ആവശ്യം സാര്‍.
പക്ഷേ ഇന്ന് കേരളത്തിന്റെ കറുത്ത ദിനം എന്ന് അങ്ങ് വാര്‍ത്താസമ്മേളനത്തില്‍ പറയേണ്ടായിരുന്നു…ഇത് വെളുത്ത ദിനമാണ്.നിങ്ങളുടെയൊക്കെ ദേശ സ്നേഹം നാട്ടുകാര്‍ കണ്ട…ദിവസം.ജനാധിപത്യബോധം തിരിച്ചറിഞ്ഞ നിമിഷം, ജയിക്കാനായി ജനിച്ച അങ്ങയെ പോലുള്ളവര്‍ ലോകത്തിന് മുന്നില്‍ വച്ച മാതൃക എത്ര വലുതാണെന്ന് കാലം പിന്നീടെങ്കിലും തിരിച്ചറിയും സാര്‍..ഞങ്ങള്‍ കഴുതകള്‍ക്ക് ഇപ്പോള്‍ തന്നെ അത് മനസ്സിലാകുന്നുണ്ട്. അത് കൊണ്ട് കറുത്ത ദിനം എന്ന വാക്കുകള്‍ അങ്ങ് പിന്‍വലിക്കണം..ഇത് വെളുത്ത ദിനം തന്നെയാണ് സാര്‍.വരാനിരിക്കുന്ന ജനാധിപത്യത്തിന്റെ സുന്ദര സുഭില നിമിഷങ്ങള്‍ക്ക് മാതൃകയാകുന്ന സുവര്‍ണ ദിന്…
ഭൂരിപക്ഷ സര്‍ക്കാരിന്റെ ഭരണഘടനപരമായ ബാധ്യതകളെ പറ്റി അങ്ങ് ഇനിയും സംസാരിക്കണം..’വലിയ ഭൂരിപക്ഷത്തോടെ’ അങ്ങയെ ആ സ്ഥാനത്ത് അവരോധിച്ച ഞങ്ങളെ പോലുള്ളവരെ ചോദ്യം ചെയ്യുന്ന ഒന്നും അങ്ങയുടെ ഭാഗത്ത് നിന്നുണ്ടാവില്ല…എന്നറിയാം.. അതിനാല്‍ ഈ ദിനം തങ്കലിപികളാല്‍ കേരള ചരിത്രത്തില്‍ രേഖപ്പെടുത്തണം….
അങ്ങയോടൊപ്പം എന്നും ഞങ്ങളുണ്ട്..നോട്ടെണ്ണല്‍ യന്ത്രം പോയിട്ട് നോട്ട് പോലും കണ്ടിട്ട് നാളേറെയായി..അതിന്റെ അസൂയ നിങ്ങളെ പോലുള്ള ഭരണാധികാരികളുടെ നെഞ്ചത്തല്ല കാട്ടേണ്ടത് എന്നറിയാം..വല്ലപ്പോഴും കാണുന്ന വോട്ട് യന്ത്രമല്ലാതെ മറ്റൊരു യന്ത്രവും കാണാറുമില്ല.. ആ യന്ത്രത്തിന് മുന്നിലെത്തുമ്പോള്‍ വീണ്ടും അങ്ങയെ ഓര്‍ക്കുമെന്ന് വീണ്ടും സ്നേഹത്തോടെ ഓര്‍മ്മിപ്പിക്കുന്നു. ഈ ദിനത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഒന്നല്ല ഒരു പാട് വോട്ട് അങ്ങേക്കും കൂട്ടര്‍ക്കും ചെയ്യണമെന്നുണ്ട്. പറ്റുമെങ്കില്‍ അത് യാഥാര്‍ത്ഥ്യമാക്കുക തന്നെ ചെയ്യുമെന്ന് അറിയിച്ചു കൊണ്ട്.
വിശ്വസ്തതയോടെ,
വോട്ടുള്ള ഒരു കഴുത
Discussion about this post