ഡല്‍ഹി: രാജ്യത്ത് റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണം നടത്താന്‍ പാക്ക് ഭീകരര്‍ ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഭീകരര്‍ അഫ്ഗാനിസ്ഥാന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയില്‍ പ്രവേശിച്ചേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. രാജ്പഥിനു രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കെട്ടിടങ്ങളും നിരീക്ഷിക്കാന്‍ രാജ്യത്തെ പ്രധാനപ്പെട്ട നേതാക്കള്‍ക്കു സംരക്ഷണം നല്കുന്ന സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പബ്ലിക് ദിന ചടങ്ങിനു മുന്നോടിയായി രഹസ്യാന്വേഷണ മുന്നറിയിപ്പുകളും സുരക്ഷാനിര്‍ദേശങ്ങളും എല്ലാത്തവണയും ഉണ്ടാകുമെങ്കിലും ഇത്തവണ സുരക്ഷ വര്‍ധിപ്പിക്കാന്‍ എസ്പിജി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ രഹസ്യാന്വേഷണ വിഭാഗം മേധാവിയുമായി എസ്പിജി ഡയറക്ടര്‍ എ.കെ. സിന്‍ഹ കൂടിക്കാഴ്ച നടത്തി. റിപ്പബ്ലിക് ദിനത്തിനു തലേനാള്‍ തന്നെ രാജ്പഥിനു സമീപത്തെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്ക് അവധി നല്‍കാറുണ്ട്. സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ കൂടിയാണിത്. രഹസ്യാന്വേഷണ മുന്നറിയിപ്പോടുകൂടി ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണു ഡല്‍ഹിയിലെങ്ങും വിന്യസിച്ചിരിക്കുന്നത്.
വ്യോമാക്രമണത്തെ ചെറുക്കാന്‍ ആന്റി ഡ്രോണ്‍ സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ട്. ചാര്‍ട്ടര്‍ ചെയ്ത ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്ക് ലഷ്കറെ ത്വയിബ ലക്ഷ്യമിട്ടേക്കുമെന്നും സൂചനയുണ്ട്. ഭീകരര്‍ സുരക്ഷാ സൈനികരുടെ വേഷത്തില്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷയൊരുക്കുന്നവരെയും പ്രത്യേക പരിശോധനകള്‍ക്കു വിധേയമാക്കണമെന്ന് നിര്‍ദേശമുണ്ട്.
Discussion about this post