സനാതനധർമ്മവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ വീണ്ടും വിവാദവും ചർച്ചയും ആകപ്പെടുമ്പോൾ, ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു സമൂഹമാദ്ധ്യമ പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ശ്രീ കാളിയമ്പി സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച ഈ പോസ്റ്റിൽ സനാതന ധർമ്മത്തെക്കുറിച്ചും പുതിയ വിവാദങ്ങളെക്കുറിച്ചും കൃത്യമായി പ്രതിപാദിക്കുന്നു. പുതിയ വിവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും സത്യത്തിൽ കുളം തെളിയുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സമൂഹമാദ്ധ്യമ പോസ്റ്റിന്റെ പൂർണ്ണരൂപം,
‘സനാതനധർമ്മം ഇവനെയൊക്കെ പിടിച്ചു കടിച്ചോ?’
കഴിഞ്ഞ കുറെ കാലങ്ങളായി നാം ശ്രദ്ധിക്കുന്ന ഒരു വാക്കാണ് ‘സനാതനധർമ്മം’.
സനാതന ധർമ്മം വെറുക്കപ്പെടേണ്ടതാണ്, സനാതന ധർമ്മത്തെ ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതെയാക്കണം, സനാതനധർമ്മം സവർണ്ണ മേധാവിത്വമാണ്, സനാതന ധർമ്മമാണ് നാസിസം, ഫാസിസമാണ് സനാതന ധർമ്മത്തിന്റെ ആധാരം തുടങ്ങി ഇന്ന് ഭൂമിയിൽ കിട്ടാവുന്ന സകല മോശം വാക്കുകളും ഉപയോഗിച്ച് വളരെ പെട്ടെന്ന് തുടങ്ങിയ ഒരു ഓർക്കസ്ട്രേറ്റഡ് ആക്രമണമാണ് സനാതന ധർമ്മം എന്ന വാക്യത്തിന് നേരെ.
ഇതൊരു യാദൃശ്ചികമോ നിരുപദ്രവകരമോ ആയ പ്രസ്താവനകൾ അല്ല. Let’s go straight to the point.
ജെഎൻയു സമരക്കാലത്തും സിഎഎ സമരക്കാലത്തും ഒക്കെ നിരന്തരമായി കണ്ടിരുന്ന ചില പോസ്റ്ററുകൾ ഓർക്കുന്നുണ്ടാവും. ഫxക്ക് ഹിന്ദുത്വ എന്നും മറ്റും എഴുതി ഹിന്ദുത്വത്തിന്റെ പവിത്രമായ ചിഹ്നങ്ങളെ വികലമാക്കി കാണിച്ച് മറ്റു മത ചിഹ്നങ്ങൾ അണിഞ്ഞുനിൽക്കുന്നവർ പോലും ഉയർത്തി കാട്ടിയ പോസ്റ്ററുകൾ.
രാജ്യവ്യാപകമായി ആ ഗ്രൂപ്പുകളോട് ചേർന്ന് നിൽക്കുന്നവർക്ക് ഒരിക്കലും ന്യായീകരിക്കാൻ ആകാത്ത രീതിയിൽ അനുയായികളെ നഷ്ടപ്പെടുത്തിയ പോസ്റ്ററുകൾ ആയിരുന്നു അവ. ബിജെപിക്കും അതുമായി ചേർന്ന് നിൽക്കുന്ന രാഷ്ട്രീയ കക്ഷികൾക്കും എതിരെ എന്ന മറയിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം ആന്തോളന ജീവികളും യഥാർത്ഥത്തിൽ ഹിന്ദുവിരുദ്ധരോ കഠിനമായ ഹിന്ദു വെറുപ്പ് ഉള്ളിൽ കൊണ്ടുനടക്കുന്നവരോ ആണെന്ന് വ്യക്തമാക്കിയ പോസ്റ്ററുകളായിരുന്നു അവ. രാജ്യം മുഴുവൻ അതിനെതിരെ പ്രതിഷേധം ഉയർന്നു. ഈ ആന്ദോളനജീവികളുടെയും അർബൻ നക്സലുകളുടേയും കൂടെ നിൽക്കുന്നവരുടെ വോട്ട് ബാങ്കിൽ കാര്യമായ വിള്ളലുകൾ ഉണ്ടായി. ഹിന്ദുക്കൾക്ക് ഇവരുടെയൊക്കെ സ്വഭാവം വ്യക്തമായി.
മാത്രവുമല്ല 2023 നവംബറിൽ ബാങ്കോക്കിൽ വച്ച് നടന്ന വേൾഡ് ഹിന്ദു കോൺഗ്രസ് ഹിന്ദുയിസം എന്ന വാക്കിന് പകരമായി ഹിന്ദുത്വം എന്ന് ഉപയോഗിക്കണം എന്ന തീരുമാനമെടുത്തു. വിപ്ളവകരമായ ഒരു വിളംബരമായിരുന്നു അത്.
കമ്മ്യൂണിസം മാർക്സിസം ഇസ്ലാമിസം എന്നതൊക്കെ പോലെ ഒരു ഇസം അല്ല ഹിന്ദു. അതൊരു സംസ്കാരവും അസ്മിതയുമാണ്. ‘ഇസം‘ എന്നത് മറ്റുള്ളവരെ വേർതിരിക്കുന്നതും അതിലില്ലാത്തവരെ അടിച്ചമർത്തുന്നതും ആയ ഒരു മനോഭാവമാണെന്നും ഹിന്ദുത്വത്തിന്റെ സർവ്വജനീന മനോഭാവത്തോട് ഒരിസത്തിനെയും ചേർത്തുവെക്കാൻ ആകില്ല എന്നുമായിരുന്നു വേൾഡ് ഹിന്ദു കോൺഗ്രസിൽ ആചാര്യന്മാർ അഭിപ്രായപ്പെട്ടത്. മാത്രവുമല്ല മിഷനറിമാർ അവരുടെ മതപ്രചരണത്തിന് ഉണ്ടാക്കിയ ഒരു വാക്കാണ് ഹിന്ദുയിസം. ആ വാക്കിന് പകരം ഉപയോഗിക്കേണ്ടത് അവനവന്റെ സ്വത്വത്തോട് ചേർന്ന് നിൽക്കുന്ന, ഹിന്ദു സ്വത്വത്തെ സൂചിപ്പിക്കുന്ന ‘ഹിന്ദുത്വം‘ എന്ന വാക്കാണെന്ന് 2023 വേൾഡ് ഹിന്ദു കോൺഗ്രസ് വിളംബരം ചെയ്തു.
ലോകമെമ്പാടുമുള്ള വിവിധ ഹിന്ദു സംഘടനകൾ, ആശ്രമങ്ങൾ, ശ്രീ ശ്രീ രവിശങ്കർ മുതൽ അമൃതാനന്ദമയി അമ്മ വരെയുള്ള ആചാര്യന്മാർ എല്ലാവരും ചേർന്ന വേൾഡ് ഹിന്ദു കോൺഗ്രസിൽ നിന്നുതന്നെ ഇങ്ങനെ ഒരു വിളംബരം വന്നത് ചെറിയ രീതിയിലൊന്നുമല്ല ഹിന്ദു വിരുദ്ധരെ പ്രകോപിപ്പിച്ചത്. ഇനി ഫൾക്ക് ഹിന്ദുത്വ എന്ന് എഴുതിക്കാട്ടിയാൽ ആർക്ക് നേരെയാണെന്ന് ജനങ്ങൾക്ക് വ്യക്തമായി മനസ്സിലാവും എന്നവർക്ക് പിടികിട്ടി. കേരളത്തിലെ മിക്ക മാദ്ധ്യമങ്ങളും ഇത്രയും പ്രധാനപ്പെട്ട ആ വാർത്ത ഒരുകോളം പോലും നൽകിയില്ല എന്നു പറഞ്ഞാൽ തന്നെ ഈ വിളംബരത്തിൻ്റെ പ്രാധാന്യം കൃത്യമായി മനസ്സിലാകും.
ഹിന്ദുക്കളോട് വെറുപ്പുള്ളവർ അനവധിയാണ്. ആ വെറുപ്പ് പല രീതിയിൽ അവർ പ്രകടിപ്പിക്കാറുമുണ്ട്. മഹാരാജാസിൽ സർജിക്കൽ പ്രിസിഷനിൽ ചങ്ക് കീറി കൊല്ലപ്പെട്ട അഭിമന്യു ഒരിക്കൽ ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടത് പോലെ ആർഎസ്എസിനെ താങ്ങി മൊത്തം ഹിന്ദുക്കൾക്കിട്ടാണ് ഇവന്മാർ വെറുപ്പ് പ്രചരിപ്പിക്കുന്നതെന്ന് അരിഭക്ഷണം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും. അതുകൊണ്ടുതന്നെ ഫxxക്ക് ഹിന്ദുത്വ എന്ന പോസ്റ്റർ ആർക്ക് നേർക്കാണ് പിടിച്ചിരിക്കുന്നതെന്നും എല്ലാവർക്കും മനസ്സിലാകും.
അങ്ങനെ വന്നപ്പോൾ അതിബുദ്ധിമാന്മാരായ ഏതോ ടൂൾ കിറ്റ് സേട്ടന്മാരുടെ വക്രബുദ്ധിയിൽ വിരിഞ്ഞതാണ് സനാതനധർമ്മം എന്ന വാക്ക്. കാരണം ഹിന്ദു എന്ന് വന്നാൽ എല്ലാവരും ഔദ്യോഗികമായും അനൗദ്യോഗികമായും ഇപ്പോൾ സ്വന്തമായി കാണുന്ന ഒരു അസ്തിത്വമാണ്. എന്നാൽ സനാതനധർമ്മം എന്നൊക്കെ നീട്ടിവലിച്ച് പറയുമ്പോൾ രണ്ടും ഒന്നാണെങ്കിൽ കൂടി സാധാരണ ഹിന്ദുക്കൾക്ക് ഇതെന്തോ വേറെ സാധനത്തിന് ചീത്ത വിളിക്കുന്നു എന്നെ തോന്നുകയുള്ളൂ. അപ്പോൾ ഹിന്ദുക്കളുടെ വോട്ട് പോകാതെ ഹിന്ദുക്കളെ വെറുക്കാനും സ്വയം വെറുപ്പിക്കാനും ആഗോളതലത്തിൽ തന്നെ ഉയർത്തി വിട്ട പുതിയ ഒരു ബസ് വേർഡ് ആണ് ‘സനാതന ധർമ്മം’.
സാധാരണഗതിയിൽ സനാതനധർമ്മം എന്നൊക്കെ പറയുന്നത് അല്പം പഠിച്ച സന്യാസിമാരും ആചാര്യന്മാരും ഒക്കെയാണ്. വയലുകളിൽ കിളയ്ക്കുന്ന ഗണപരമ്പരയ്ക്ക് അവൻ ഹിന്ദുവാണെന്ന് അറിയാമെങ്കിലും അവൻ സനാതനധർമ്മം പിന്തുടരുന്നവനാണോ അല്ലയോ എന്ന് ചോദിച്ചാൽ ‘അണ്ണാ പള്ളിയം മാതേവര് ഈ പറഞ്ഞ സനാതനമാണോ എങ്കിൽ നമ്മളും തന്നെ‘ എന്ന് പറയാനേ അറിയുകയുള്ളൂ.
അപ്പോൾ അവൻറെ വോട്ട് പോകാതെ അവൻ്റെ അസ്തിത്വത്തിന്റെ അടിനാഭി നോക്കി ചവിട്ടണമെങ്കിൽ ഒറ്റ വഴിയേ ഉള്ളൂ നീലാണ്ടനെ നോക്കി നീലകണ്ഠനെ തെറി പറയുക. ചിരുതേയിയെ നോക്കി ശ്രീദേവിയെ തെറി പറയുക. അവൻ്റെ അസ്തിത്വത്തിൻ്റെ പ്രാമാണ്യത്തെ അവരിൽനിന്ന് dissociate ആക്കുക. ഹിന്ദുത്വം എന്നാൽ ഒരു സാംസ്കാരിക ഭൗമ അസ്തിത്വമാണ്. എന്നാൽ സനാതന ധർമ്മം ഒരു ആദർശമാണ്. ഹിന്ദുത്വത്തിന്റെ അടിസ്ഥാന ആദർശമാണ് ധർമ്മം എന്ന് പറയാം. ശ്രീനാരായണ ഗുരുദേവൻ ഉൾപ്പെടെയുള്ള സകലരും അങ്ങനെയാണ് നമുക്ക് പറഞ്ഞു തന്നിരിക്കുന്നതും.
അപ്പോൾ അടിസ്ഥാന ആശയങ്ങളുടെ കടയിൽ കത്തി വെക്കുകയും അതേസമയം ഞങ്ങളും ഹിന്ദുക്കളാണ് എന്ന് പറയുകയും ചെയ്യുമ്പോൾ ജനങ്ങൾ സംശയത്തിലാകും. ഇപ്പോൾ തന്നെ ശ്രദ്ധിച്ചാൽ മനസ്സിലാകും പല നേതാക്കന്മാരും ഞങ്ങളും ഹിന്ദുക്കളാണ്, ഹിന്ദുത്വം ബിജെപിയുടേത് മാത്രമല്ല തുടങ്ങിയ ഡയലോഗ് അടിക്കാൻ തുടങ്ങിയിട്ടുണ്ട്. ശശി തരൂർ ഒക്കെ ഒരു പുസ്തകം വരെ എഴുതി. എന്നിട്ട് ഹിന്ദുത്വത്തിന്റെ ആദർശമായ ധർമ്മമെന്ന സങ്കല്പത്തിനെ റിഗ്രസീവ് ആയി അവതരിപ്പിക്കും. ആ കൺഫ്യൂഷനിൽ ശരാശരി മനുഷ്യൻ്റെ സ്വത്വത്തെ തകർക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത് കൃത്യമായ സോഷ്യൽ എൻജിനീയറിങ് സബ്വേഴ്സീവ് ടെക്നിക്കുകളിൽ ഒന്നാണ്.
ഇത് യൂറോപ്പിലെയും അമേരിക്കയിലെയും വോക്കിസ്റ്റ് പോക്കറ്റുകളിൽ മുതൽ ഉദയനിധി സ്റ്റാലിനും പിണറായി വിജയനും വരെ കഴിഞ്ഞ കുറച്ച് കാലമായി ഹിന്ദുത്വം വിട്ട് “സനാതനധർമ്മം“ എന്ന് എടുത്ത് ഉപയോഗിക്കുന്നത് വെറും യാദൃശ്ചികം അല്ല. സനാതനധർമ്മം എന്ന വാക്ക് ഉപയോഗിച്ച് ഹിന്ദുക്കളുടെ ഏകതയെയും മനോവീര്യത്തെയും തകർത്ത് നമ്മുടെ സംസ്കാരത്തിൽ വൃത്തികെട്ട എന്തൊക്കെയോ ഉണ്ട് എന്ന് കാട്ടി നമ്മളെ സ്വയം വെറുപ്പിക്കാനും അതോടൊപ്പം നമ്മെ ഭിന്നിപ്പിക്കാനും ഉള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണിത്.
പഴയപോലെ ഹിന്ദുത്വത്തെ ഇനി ആക്രമിക്കാൻ ആകില്ല. പകരം എന്തു ചെയ്യണം? ഹിന്ദുത്വത്തിൻ്റെ കാതലായ സങ്കൽപ്പം, ധർമ്മത്തെയും അതിൻറെ സനാതനത്വത്തെയും ആക്രമിക്കുക.
സത്യം പറഞ്ഞാൽ നമ്മൾ ആലോചിക്കുന്നത് പിണറായി വിജയനും ഉദയനിധി സ്റ്റാലിനും എല്ലാം വിവരമില്ലാതെ പറഞ്ഞു എന്നതാണ്. ഹിന്ദുത്വമെന്നതിനേക്കാൾ എത്രയോ ഉയർന്ന വാക്കാണ് സനാതനധർമ്മം, എന്നിട്ട് ഇവരെന്തിന് ഇങ്ങനെയൊക്കെ പറയുന്നു എന്നാണ് നാം അമ്പരന്ന് നിൽക്കുന്നത്. ഇത് ഒടിയൻ്റെ മായമാണ്.
ഇനി വരാൻ പോകുന്നത് എന്തുകൊണ്ട് സനാതനധർമ്മം എന്ന വാക്ക് ഹിന്ദു എന്നതിൽ നിന്ന് വ്യത്യസ്തമാകുന്നു എന്ന ലേഖന പരമ്പരകളും അന്താരാഷ്ട്ര ഇളയിടങ്ങളുടെ കഴുതപ്പുലിച്ചിരികളോടെയുള്ള കപട വാഗ്ധോരണികളും വാക്കുകളെടുത്ത് അമ്മാനമാടുന്ന അഭ്യാസങ്ങളുമാണ്. ഒരു സബ്സ്റ്റൻസും ആധികാരികതയും ഇല്ലെങ്കിലും കാരവാൻ മുതൽ ഗാർഡിയൻ വരെ നീളുന്ന ലേഖനപരമ്പരകൾ വന്ന് കഴിയുമ്പോൾ നമ്മൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കും. ആ പകയ്ക്കലിൽ ഹിന്ദുവിൻ്റെ കൂടും കുടുക്കയും അടിച്ചുകൊണ്ട് പോകാമെന്നാണ് ഈ റ്റൂൾകിറ്റ് രാക്ഷസന്മാരുടെ കണക്കുകൂട്ടൽ.
സത്യം പറഞ്ഞാൽ ഇവിടെ കുളം തെളിയുകയാണ് ചെയ്യുന്നത്. ഹിന്ദുത്വം എന്ന പേരുള്ള ഒരു പുരാതന നാഗരികതയുടെ വെറും അസ്തിത്വശേഷിപ്പുകളെ അല്ല പകരം അതിൻ്റെ അടിസ്ഥാനമായ ദയ നീതി കരുണ വിശാലത ആർജ്ജവത ആദ്ധ്യാത്മികത തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന വാക്കായ ‘ധർമ്മത്തെ‘ തന്നെയാണ് തങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുന്നത് എന്ന് വരുന്നത് വഴി ആദി പുരാണങ്ങളിൽ പറയുന്ന ആസൂരികശക്തികൾ… ധർമ്മത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ ആരൊക്കെയാണ് എന്ന് കൃത്യമായി മനസ്സിലാവുകയാണ്.
ധർമ്മത്തെ രക്ഷിക്കാൻ ഏതു പക്ഷത്തു നിൽക്കണം എന്ന് ഇനി ഒരു ധർമ്മപക്ഷപാതിക്കും സംശയം ഉണ്ടാകേണ്ട കാര്യമില്ല. ധർമ്മോ രക്ഷതി രക്ഷിതഃ:. ധർമ്മത്തെ രക്ഷിക്കുന്നവരെ ധർമ്മവും സംരക്ഷിക്കും.
ധർമ്മ ഏവ പരം ദൈവം
ധർമ്മ ഏവ മഹാധനം
ധർമ്മസ്സര്‍വ്വത്ര വിജയീ
ഭവതു ശ്രേയസേ നൃണാം
ധർമ്മം തന്നെയാണ് പ്രപഞ്ചത്തിനാദികാരണമായ പരബ്രഹ്മം. ധർമ്മം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. ധർമ്മം എല്ലായിടത്തും വിജയം കൈവരിക്കുന്നു. അങ്ങനെയുള്ള ധർമ്മം മനുഷ്യര്‍ക്ക് മോക്ഷത്തിനായി ഉപകരിക്കുമാറാകട്ടെ.
(ശ്രീനാരായണഗുരുദേവൻ)
Discussion about this post