ദിനം പ്രതി എത്രയെത്ര ഗാർഹികപീഡനകേസുകളാണല്ലേ പുറത്ത് വരുന്നത്, ഈ കേസുകൾ ശ്രദ്ധിച്ചാൽ,പലപ്പോഴും വളരെ വൈകിയാണ് ആളുകൾ പരാതിപ്പെടാൻ തയ്യാറാവുന്നതെന്ന് മനസിലാക്കാം. നമ്മുടെ സമൂഹവും മറ്റും കൽപ്പിച്ച വിലക്കുകൾക്ക് പുറത്ത് മറ്റെന്തോ കൂടി ഈ ആളുകളെ പരാതിപ്പെടുന്നതിൽ നിന്ന് തടസ്സപ്പെടുത്തുന്നുണ്ട്. ഉപദ്രവകാരികളായ പങ്കാളികൾ ഉള്ള പുരുഷന്മാരും പലപ്പോഴും ഇങ്ങനെയുള്ള ബന്ധങ്ങളിൽ നിന്ന് പുറത്തുകടക്കാൻ പ്രയാസപ്പെടാറുണ്ട്. എന്തായിരിക്കാം അത്?
തങ്ങളെ ഉപദ്രവിക്കുന്നവരോടും പീഡിപ്പിക്കുന്നവരോടും തടങ്കലിൽ വയ്ക്കുന്നവരോടും വിദ്വേഷത്തിന് പകരം സഹാനുഭൂതിയോ ഇഷ്ടമോ തോന്നുന്ന മാനസികാവസ്ഥയെ ആണ് സ്‌റ്റോക്ക് ഹോം സിൻഡ്രോം എന്ന് വിളിക്കുന്നത്. എന്താണിതിന്റെ പ്രത്യേകതകളെന്ന് പരിശോധിക്കാം. തങ്ങളെ ഉപദ്രവിക്കുന്നവരോട് അല്ലെങ്കിൽ ഇരയാക്കുന്നവരോട് വ്യക്തിയ്ക്ക് തോന്നുന്ന മാനസികമായ അടുപ്പം സൂചിപ്പിക്കുന്നതാണ് സ്റ്റോക്ക് ഹോം സിൻഡ്രോം. ശാരീരികമോ മാനസികമോ ആയ ക്ഷേമത്തിന് മറ്റൊരാളാൽ എന്തെങ്കിലും തരത്തിലുള്ള ഭീഷണിയോ വെല്ലുവിളിയോ അനുഭവപ്പെടുമ്പോഴാണ് ആളുകളിൽ ഈ രീതിയിലുള്ള മാനസികാവസ്ഥ രൂപപ്പെടുന്നത്.മറ്റൊരാളുടെ നിയന്ത്രണത്തിലാകുമ്പോൾ, ജീവന് തന്നെ ഭീഷണിയുണ്ടാകുമ്പോൾ അതിനെ അതിജീവിക്കാൻ ആളുകളിൽ ഉണ്ടാകുന്ന മാനസികമായി പ്രതികരണമാണിത്.
ഉപദ്രവിക്കുന്ന വ്യക്തിയോട് ഇരയാക്കപ്പെടുന്നവർക്ക് തോന്നുന്ന അടുപ്പം ഒരു അതിജീവന തന്ത്രമായോ അല്ലെങ്കിൽ ആ അവസ്ഥയുമായുള്ള പൊരുത്തപ്പെടലായോ ആണ് മിക്ക മാനസികാരോഗ്യ വിദഗ്ധരും കണക്കാക്കുന്നത്. ആഴ്ചകളോ ദിവസങ്ങളോ അല്ലെങ്കിൽ വർഷങ്ങളോ നീണ്ട ട്രോമയും പീഡനവും അതിജീവിക്കാനായി അവർ കണ്ടെത്തുന്ന വഴിയാണിത്. പക്ഷേ ഇത് വരെ ഇതൊരു മാനസികരോഗമായി അംഗീകരിക്കപ്പെട്ടിട്ടില്ല.
1973ലാണ് സ്റ്റോക്ക്ഹോം സിൻഡ്രോം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ടാണത്. അവിടുത്തെ സെവറിജസ് ക്രെഡിറ്റ്ബാങ്കിലെ നാല് ജീവനക്കാരെ കൊള്ളക്കാർ ആറുദിവസത്തോളം ബാങ്കിൽ ബന്ദികളാക്കി വെച്ചു. പക്ഷേ ഈ കാലയളവിൽ ബന്ദികൾക്കും കവർച്ചക്കുമിടയിൽ ഒരു അടുപ്പം രൂപപ്പെട്ടു. രക്ഷപ്പെട്ട് പുറത്തെത്തിയതിന് ശേഷം കവർച്ചക്കാർക്കെതിരെ ഇവർ കോടതിയിൽ മൊഴി നൽകാൻ വിസമ്മതിച്ചു. അവരെ ന്യായീകരിക്കാനും അവർക്ക് വേണ്ടി നിലകൊള്ളാനും ഇവർ തയ്യാറായി. ഇതിനെ കുറിച്ച് ഗവേഷണം നടത്തിയ സൈക്യാട്രിസ്റ്റും ക്രിമിനലോളജിസ്റ്റുമായ ആയ നിൽസ് ബെജറോട്ടാണ് സ്റ്റോക്ക്ഹോം സിൻഡ്രോം എന്ന വാക്ക് ഉപയോഗിച്ചത്.
Discussion about this post