ഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നാവികസേനയെ നയിക്കുന്നത് മലയാളിയായ ലെഫ്. കമാന്‍ഡര്‍ അപര്‍ണ നായരാണ്. ഡല്‍ഹിയില്‍ താമസമാക്കിയ തലശ്ശേരി കോടിയേരി ചിറയ്ക്കല്‍ ദാമോദരന്റെയും ആശാലതയുടെയും മകളാണ് ഇരുപത്താറുകാരിയായ അപര്‍ണ. ഐ.എന്‍.എസ്. ചില്‍ക്കയില്‍ നിന്നുള്ളവരെയാണ് 144 അംഗ നാവികസേനാ കണ്ടിജെന്റിലേക്ക് തിരഞ്ഞെടുത്തത്.
ഭുവനേശ്വറിലെ ഒന്നരമാസത്തെ പരിശീലനത്തിനുശേഷമാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയില്‍ വിജയ്ചൗക്കില്‍നിന്ന് ഇന്ത്യാഗേറ്റിലേക്കുപോയി വലംവെച്ചുകൊണ്ട് ഏതാണ്ട് 14 കിലോമീറ്ററാണ് റിപ്പബ്ലിക് ദിനത്തില്‍ മാര്‍ച്ച് ചെയ്യുന്നത്. ഇതിന് കരുത്തു ലഭിക്കാന്‍ ഭുവനേശ്വറില്‍ 21 കിലോമീറ്ററാണ് മാര്‍ച്ച് ചെയ്തിരുന്നത്.
ഡല്‍ഹി ടാഗോര്‍ ഗാര്‍ഡനിലെ ഹോളി ചൈല്‍ഡ് സ്കൂളില്‍ പഠിച്ച അപര്‍ണ, രാജസ്ഥാന് ടെക്നിക്കല്‍ സര്‍വകലാശാലയില്‍നിന്ന് ബി.ടെക്. പൂര്‍ത്തിയാക്കിയശേഷമാണ് നാവികസേനയില്‍ ചേര്‍ന്നത്. അനുജന് അവിനാശ് നായര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.
Discussion about this post