മലപ്പുറം: മൂന്ന് ലക്ഷത്തിനടുത്ത് വിലയുള്ള ഓട്ടോമാറ്റിക് ക്ലോസറ്റ് തകരാറിലായതിനെ തുടർന്ന് കമ്പനിക്ക് വൻ തിരിച്ചടി. ഉപഭോക്തൃ കമ്മീഷനിൽ നൽകിയ പരാതിയിന്മേലാണ് വിധി വന്നത്. 2,65,100 രൂപയാണ് ഓട്ടോമാറ്റിക് റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ക്ലോസറ്റിന്റെ വില. ഈ വിലയും ഇതിനൊപ്പം നഷ്ടപരിഹാരമായി 1,50,000 രൂപയും നൽകാനാണ് കമ്പനിക്കെതിരെ ഉപഭോക്തൃ കമ്മീഷൻ വിധിച്ചത്.
തിരൂർ തൃപ്രങ്ങോട് സ്വദേശി രാഘവൻ നായർ നൽകിയ പരാതിയിലാണ് നഷ്ടപരിഹാരത്തിനായി ഉത്തരവിട്ടത്. ശാരീരിക വിഷമതകൾ അനുഭവിക്കുന്ന മകന് വേണ്ടിയാണ് രാഘവൻ നായർ വീട്ടിൽ റിമോട്ട് കൺട്രോൾ ക്ലോസറ്റ് സ്ഥാപിച്ചത്. വാങ്ങിയ ശേഷവും എല്ലാ തരത്തിലുള്ള സേവനവും അധികസമയമെടുക്കാതെ തന്നെ ചെയ്തു തരാമെന്ന് വാങ്ങുന്ന സമയം കമ്പനി ഉറപ്പുനൽകിയിരുന്നു. എന്നാൽ, ക്ലോസറ്റ് വാങ്ങി, മൂന്ന് മാസത്തിൽ തന്നെ ഇത് തകരറിലാവുകയായിരുന്നു. കമ്പനിയെ അറിയിച്ചതിനെ തുടർന്ന് നന്നാക്കി നൽകിയെങ്കിലും പിന്നെയും പ്രവർത്തനത്തിൽ തടസ്സമുണ്ടായി. വീണ്ടും കമ്പനിയെ അറിയിച്ചതിനെ തുടർന്ന് പരിശോധിച്ചെങ്കിലും തകരാറ് പരിഹരിക്കാനായില്ല. കമ്പനിയെ വിവരം അറിയിച്ചെങ്കിലും പ്രശ്‌നപരിഹാരമുണ്ടായില്ല.
ഇതോടെയാണ് രാഘവൻ നായർ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. തിരൂർ പോളിടെക്‌നിക്കിലെ വിദഗ്ധൻ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് ക്ലോസറ്റ് പരിശോധിക്കുകയും പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ശരി വക്കുകയും ചെയ്തു. മധ്യഅ്ഥതയിൽ തീർപ്പു കൽപ്പിക്കാന ശ്രമിച്ചെങ്കിലും കമ്പനിലുടെ പ്രതിനിധികൾ ഹാജരായിരുന്നില്ല. ഇതോടെയാണ് തെളിവുകൾ പരിശോധിച്ച് കമ്മീഷൻ വിധി പറഞ്ഞത്.
ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരാൾക്ക് വേണ്ടി വലിയ വില നൽകി വാങ്ങിയ ഉപകരണം വേണ്ട വിധം പ്രവർത്തിക്കാതിരിക്കുകയും മതിയായ സേവനം നൽകാൻ കമ്പനിക്ക് കഴിയാതെ പോവുകയും ചെയ്ത സാഹചര്യത്തിൽ ഉൽപന്നത്തിന്റെ വിലയായ 2,65,100 രൂപ തിരിച്ചു നൽകുകയും സ്വന്തം ചെലവിൽ ക്ലോസറ്റ് തിരിച്ചു കൊണ്ടുപോകണമെന്നും കമ്മീഷൻ ഉത്തരവിടുകയായിരുന്നു. ഇതോടൊപ്പം പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടുകൾക്കും മാനസിക പ്രയാസങ്ങൾക്കും 1,50,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവിലേക്ക് 50,000 രൂപയും നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
Discussion about this post